'ഹരിയാനയിൽ കോൺഗ്രസ് വന്നാൽ ഒ.ബി.സി സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകും'- വിദ്വേഷ പരാമർശവുമായി അമിത് ഷാ
പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗങ്ങൾക്ക്(ഒ.ബി.സി)നൽകുന്ന സംവരണം തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നൽകുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കർണാടകയിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്താണ് മുസ്‌ലിംകൾക്ക് നൽകിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹരിയാനയിലും അതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ പിന്നാക്ക വിഭാഗ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഷായുടെ വിദ്വേഷ പരാമർശം.
ഒ.ബി.സി സംവരണം സംബന്ധിച്ച് കാക്ക കലേക്കര്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് നടപ്പാക്കിയിട്ടില്ല. ഹരിയാനയില്‍ ബി.ജെ.പി മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വര്‍ഷം അവസാനമാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു മുസ്‌ലിം സംവരണം. എന്നാല്‍ ഇതൊന്നും ഏശിയില്ല. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ല.