ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല-അമിത് ഷാ

''ഭരണഘടനാ നിർമാണ സമയത്ത് കോൺസ്റ്റിറ്റ്യുവെന്‍റ് അസംബ്ലി രാജ്യത്തിനു നൽകിയ വാഗ്ദാനമാണ് ഏക സിവിൽകോഡ്. മതേതരരാജ്യത്ത് എല്ലാവർക്കും ഒറ്റ നിയമമല്ലേ വേണ്ടത്? അതാണ് മതേതരത്വത്തിന്റെ ഏറ്റവും വലിയ അടയാളം.''

Update: 2024-04-20 06:58 GMT
Editor : Shaheer | By : Web Desk

അമിത് ഷാ

Advertising

ന്യൂഡൽഹി: ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാരിന്റെ മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽകോഡ് പ്രധാന അജണ്ടയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ശരീഅത്ത് പ്രകാരമാണോ മുന്നോട്ടുപോകേണ്ടതെന്നും 'ഇന്ത്യ ടുഡേ'യ്ക്കു നൽകിയ അഭിമുഖത്തിൽ അമിത് ഷാ ചോദിച്ചു.

ഭരണഘടനയിൽനിന്ന് മതേതരത്വം എന്ന വാക്ക് നീക്കംചെയ്യേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ മതേതരമായി നിലനിർത്തണമെന്നാണ് ബി.ജെ.പിക്ക് ആവശ്യപ്പെടാനുള്ളത്. അതുകൊണ്ടാണ് ഞങ്ങൾ ഏക സിവിൽകോഡ് കൊണ്ടുവരുന്നത്. ശരീഅത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. അവർ മതേതരമാകേണ്ടതുണ്ടെന്നും അഭിമുഖത്തിൽ അമിത് ഷാ ആവശ്യപ്പെട്ടു.

''രാജ്യം ശരീഅത്തിന്റെ അടിസ്ഥാനത്തിലാണോ മുന്നോട്ടുപോകേണ്ടത്? അതോ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലോ? ഒരു രാജ്യവും അത്തരത്തിൽ മുന്നോട്ടുപോകുന്നില്ല. ഇസ്‌ലാമിക രാജ്യങ്ങൾ തന്നെ ശരീഅത്ത് പിന്തുടരുന്നില്ല. ലോകത്ത് ഒരു ജനാധിപത്യ രാജ്യത്തും വ്യക്തിനിയമങ്ങളില്ല. ഇന്ത്യയിൽ മാത്രം എന്തിനാണത്?'

എല്ലാ ജനാധിപത്യ രാജ്യങ്ങളും ഏക സിവിൽകോഡ് ആണു പിന്തുടരുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയും അതേ പാത പിന്തുടരാനുള്ള സമയമായിട്ടുണ്ട്. ഭരണഘടനാ നിർമാണ സമയത്ത് കോൺസ്റ്റിറ്റ്യുവെന്‍റ് അസംബ്ലി രാജ്യത്തിനു നൽകിയ വാഗ്ദാനമാണ് ഏക സിവിൽകോഡ്. മതേതരരാജ്യത്ത് എല്ലാവർക്കും ഒറ്റ നിയമമല്ലേ വേണ്ടത്? അതാണ് മതേതരത്വത്തിന്റെ ഏറ്റവും വലിയ അടയാളം. നഷ്ടപ്പെട്ട വോട്ട് ബാങ്കുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഭരണഘടനാ അസംബ്ലിയുടെ വാഗ്ദാനം പൂർത്തീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതെന്നും അമിത് ഷാ ആരോപിച്ചു.

സംവരണം നിർത്തലാക്കില്ലെന്നും അമിത് ഷാ അഭിമുഖത്തിൽ വ്യക്തമാക്കി. സംവരണം ഇല്ലാതാക്കാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Amit Shah says there is no need to remove 'secular' from Constitution

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News