സംഘർഷങ്ങൾക്കിടെ ത്രിദിന സന്ദർശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും
സമാധാന ശ്രമങ്ങൾക്കായാണ് അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തുന്നത്
ഇംഫാല്‍: കലാപം നടന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. സമാധാന ശ്രമങ്ങൾക്കായാണ് അമിത് ഷാ മണിപ്പൂരിൽ ത്രിദിന സന്ദർശനം നടത്തുന്നത്. സൈനിക നടപടി തുടരുന്ന മണിപ്പൂരിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ തുടരുന്നുണ്ട്.
അക്രമികളെ കണ്ടെത്താനുള്ള ശ്രമം സൈന്യം നടത്തുന്നതിനിടെയാണ് ഒറ്റപ്പെട്ട സംഘർഷങ്ങൾ തുടരുന്നത്. ഇംഫാൽ താഴ്‌വരയിൽ ഇന്നലെ പുലർച്ചെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെയാണ് വീണ്ടും സംഘർഷങ്ങളുണ്ടായത്.
ഗോത്ര വിഭാഗ നേതാക്കളുമായും മെയ്തെയ് വിഭാഗ പ്രതിനിധികളുമായും അമിത് ഷാ ചർച്ച നടത്തും. മൂന്ന് ദിവസങ്ങൾ മണിപ്പൂരിൽ തുടരുന്ന അമിത് ഷാ സൈനിക, അർദ്ധ സൈനിക വിഭാഗം ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. മണിപ്പൂരിലേക്ക് ആയുധങ്ങൾ എത്തിക്കുന്നവരെ പിടികൂടാൻ മണിപ്പൂർ സർക്കാർ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
എന്നാൽ കുകി വിഭാഗം മുഴുവൻ അക്രമികൾ ആണെന്ന മണിപ്പൂർ മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ സമാധാന ശ്രമങ്ങളെ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട് . സംഘർഷം ആവർത്തിക്കുന്ന ബിഷ്ണുപൂരിൽ ഉൾപ്പെടെ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനവും തുടരുകയാണ്.