"ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി"- അമിത് ഷാ
ജാതിയുടേയും മതത്തിന്‍റേയും ചില്ലുകളുള്ള ഒരു കണ്ണടയിലൂടെയാണ് അഖിലേഷ് യാദവ് ജനങ്ങളെ നോക്കുന്നത് എന്ന് അമിത് ഷാ
ആർട്ടിക്കിൾ 370 നടപ്പിലാക്കിയതോടെ പ്രധാന മന്ത്രി മോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ രാജ്യം ചോരക്കളമാവുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങൾ അത് റദ്ദാക്കി. അതിന്‍റെ പേരിൽ രാജ്യത്ത് ചോരക്കളിയെന്നല്ല ഒരു ചെറുകല്ല് പോലും അനങ്ങിയില്ല. അതിന് ശേഷം പ്രധാനമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി"- അമിത് ഷാ പറഞ്ഞു.
സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. രണ്ട് ചില്ലുകളുള്ള ഒരു കണ്ണടയാണ് അഖിലേഷ് യാദവ് അണിഞ്ഞിരിക്കുന്നത് എന്നും അതിൽ ഒന്ന് ജാതിയുടേയും മറ്റേത് മതത്തിന്‍റേതുമാണെന്ന് അമിത് ഷാ പറഞ്ഞു. അഖിലേഷ് യാദവിന്‍റെ കണ്ണടയിലെ ജാതിയുടെയും മതത്തിന്‍റേയും ചില്ലുകളിലൂടെ ബി.ജെ.പി യെ കാണാൻ ആവില്ലെന്നും തങ്ങൾ എല്ലാവരുടേയും വികസനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കുന്നത് ഏതെങ്കിലും ഒരാളെ എം.എൽ.എ ആക്കാൻ വേണ്ടി മാത്രമല്ലെന്നും കോടിക്കണക്കിന് പിന്നോക്കവിഭാഗങ്ങളുടെ ശോഭനമായ ഭാവിയെ മുന്നിൽ കണ്ട് കൂടെയാണെന്നും അമിത് ഷാ പറഞ്ഞു.
2.54 കോടി കർഷകരുടെ അക്കൗണ്ടുകളിൽ ഓരോ വർഷവും ആറായിരം രൂപ വീതം നൽകാൻ പി.എം കിസാൻ യോജന പദ്ധതിയിലൂടെ സാധിച്ചു. ബി.ജെ.പി ഗവർമെന്റ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ കർഷകർക്ക് കറണ്ട് ബില്ല് അടക്കേണ്ടി വരില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.