സന്യാസി വേഷത്തിൽ ബസ് സ്‌റ്റാൻഡിൽ കറങ്ങി അമൃത്പാൽ സിങ്; തിരച്ചിൽ നടത്തിയിട്ടും പിടികൂടാനാകാതെ പൊലീസ്
ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം ഒരാഴ്ചയായി തുടരുകയാണ്
ഡൽഹി: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗിനെ ഡൽഹിയിൽ കണ്ടെന്ന് റിപ്പോർട്ട്. ഐഎസ്ബിടി ബസ് ടെർമിനലിൽ കണ്ടുവെന്നാണ് വിവരം. ഡൽഹി-പഞ്ചാബ് പൊലീസ് സംയുക്തമായി വിവിധയിടങ്ങളിൽ പരിശോധന നടത്തി എങ്കിലും കണ്ടെത്താനായില്ല. സന്യാസി വേഷ ധാരിയായി അമൃത്പാൽ രൂപമാറ്റം വരുത്തിയെന്നും സൂചനയുണ്ട്.
ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം ഒരാഴ്ചയായി തുടരുകയാണ്. പോലീസിന്റെ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞദിവസം ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിൽ വെച്ചും അമൃത്പാലിനെ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിവിധയിടങ്ങളിൽ നിന്ന് അമൃത്പാൽ സിംഗിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം.
ഹരിയാനയിലെ ഷഹബാദിലെ വീട്ടിൽ അമൃത്പാൽ സിങ്ങിനും സഹായി പാപാൽപ്രീത് സിങ്ങിനും അഭയം നൽകിയ ബൽജീത് കൗർ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു അമൃത്പാൽ. ഇന്നലെ ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ജലന്ധറിൽ നിന്ന് 45 കിലോമീറ്റർ അകലെ ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്.
നിലവിൽ വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ എവിടെയാണ് എന്നതില്‍ പൊലീസിന് കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇയാൾക്കായി അതിർത്തികളിൽ ഉൾപ്പെടെ പരിശോധന ശക്തമാണെന്ന് പൊലീസ് പറയുന്നു. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.അതിനിടെ, ഖലിസ്ഥാൻ നേതാവിന്റെ കൂടുതൽ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. വസ്ത്രരീതിയടക്കം മാറ്റിയാണ് മുങ്ങിനടക്കുന്നതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ പലരൂപങ്ങളിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്.
ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അമൃത്പാൽ സിങ് മുങ്ങിനടക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ തീവ്ര സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ നാല് സഹായികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.