ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമം; അമൃത്പാൽ സിങ്ങിന്റെ ഭാര്യയെ വീണ്ടും വിമാനത്താവളത്തിൽ തടഞ്ഞു
ഏതാനും ദിവസങ്ങൾക്കുമുൻപ് അമൃത്പാല്‍ കഴിയുന്ന അസമിലെ ദിബ്രുഗഢ് സെൻട്രൽ ജയിലിൽ കിരൺദീപ് എത്തിയിരുന്നു
ന്യൂഡൽഹി: ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറിനെ വീണ്ടും വിമാനത്താവളത്തിൽ തടഞ്ഞു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനായി ഡൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയതായിരുന്നു കിരൺദീപ്. കഴിഞ്ഞ ഏപ്രിലിലാണ് അമൃത്പാലിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് പൗരയാണ് കിരൺദീപ് കൗർ. ഇതു മൂന്നാം തവണയാണ് രാജ്യം വിടാനുള്ള കിരൺദീപിന്റെ ശ്രമം തടയപ്പെടുന്നത്. ബിർമിങ്ങാമിലേക്കുള്ള വിമാനത്തിലാണ് ഇവർ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. കിരൺദീപിനെതിരെ ലുക്കൗട്ട് നോട്ടിസ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അധികൃതർ.
ഏതാനും ദിവസങ്ങൾക്കുമുൻപ് അമൃത്പാല്‍ കഴിയുന്ന അസമിലെ ദിബ്രുഗഢ് സെൻട്രൽ ജയിലിൽ കിരൺദീപ് എത്തിയിരുന്നു. എന്നാൽ, അമൃത്പാലിനെ കാണാനായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഇംഗ്ലണ്ട് യാത്ര തടഞ്ഞതിനെതിരെ സർക്കാരിനും കേന്ദ്ര ഏജൻസികൾക്കുമെതിരെ അവർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ചണ്ഡിഗഢിലെ ബ്രിട്ടീഷ് കോൺസുലേറ്റിനെ സഹായത്തിനായി ഇതുവരെ സമീപിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 10നാണ് കിരൺദീപ് കൗറിനെ വിവാഹം കഴിക്കുന്നത്. പഞ്ചാബിലെ ജല്ലുപൂർ ഖേര എന്ന ഗ്രാമത്തിൽവച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. രണ്ടാം ഭിന്ദ്രൻവാലയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അമൃത്പാൽ സിങ് ആയുധങ്ങളുമായാണ് പഞ്ചാബിൽ വിലസിയിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ പഞ്ചാബിൽ വലിയ ക്രമസമാധാനപ്രശ്‌നങ്ങളാണ് അമൃത്പാലും അനുയായികളും സൃഷ്ടിച്ചത്. സംസ്ഥാനത്ത് നടന്ന നിരവധി അക്രമസംഭവങ്ങൾക്കു പിന്നിൽ ഇദ്ദേഹമാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. ദിവസങ്ങളോളം പഞ്ചാബിനെ മുൾമുനയിൽ നിർത്തിയ ശേഷം 2023 ഏപ്രിൽ 23ന് പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസിനെ ആക്രമിക്കൽ, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: Amritpal Singh's wife Kirandeep Kaur stopped from boarding flight to UK at Delhi airport