അമ്മയുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ല; തഹസീൽദാറുടെ വാഹനത്തിന് തീയിട്ട് യുവാവ്

തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Update: 2024-09-06 11:28 GMT
Advertising

ബെം​ഗളൂരു: മാതാവിന്റെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയാറാവാത്തതിൽ പ്രതിഷേധിച്ച് തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്. കർണാടകയിലെ ചിത്രദുർ​ഗയിലാണ് സംഭവം. പൃഥ്വിരാജ് എന്ന യുവാവാണ്, ചള്ളക്കെരെ തഹസിൽദാരുടെ വാഹനത്തിന് തീവച്ചത്.

തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഓഫീസ് ജീവനക്കാർ ഉടനെത്തി തീയണച്ചു. സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിനും വാഹനം നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജോലി സമയം സംരക്ഷണം ആവശ്യപ്പെട്ട് തഹസിൽദാരുടെ ഓഫീസിലെ ജീവനക്കാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് നിവേദനം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പൃഥ്വിരാജിനെ ജൂലൈയിൽ ഒരു യാത്രയ്ക്കിടെ കാണാതായിരുന്നു. മകനെ കാണാതായതോടെ ജൂലൈ രണ്ടിന് അമ്മ ചള്ളക്കെരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നെങ്കിലും ഉദ്യോ​ഗസ്ഥർ ഇത് സ്വീകരിച്ചില്ല.

പിന്നീട് ജൂലൈ 23ന് പൃഥ്വിരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ആഗസ്റ്റ് 14ന് വിധാൻസൗധയ്ക്ക് സമീപം ബൈക്ക് കത്തിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News