ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെൻസസ് എടുക്കണം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ്
തിങ്കളാഴ്ച പാര്‍ലമെന്‍റിലെ ബഡ്ജറ്റ് സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
ഡല്‍ഹി: രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെൻസസ് വേണമെന്ന ആവശ്യവുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. തിങ്കളാഴ്ച പാര്‍ലമെന്‍റിലെ ബഡ്ജറ്റ് സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സാമൂഹിക വികസന സൂചകങ്ങളിൽ പിന്നാക്കം നിൽക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക സ്ഥിതി അറിയേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി വ്യക്തമാക്കി. പിന്നാക്ക ജാതിക്കാർ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്പത്തിക നില കണ്ടെത്താൻ സെൻസസ് സഹായിക്കുമെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വിജയ്‍സായി റെഡ്ഡി പറഞ്ഞു. ജെ.ഡി.യു, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളും ജാതി സെൻസസ് ആവശ്യപ്പെട്ടിട്ടുണ്ട്.പാർലമെന്‍റില്‍ സംവരണം ഉറപ്പാക്കാൻ വനിതാ ക്വാട്ട ബില്ലും തന്‍റെ പാർട്ടി ആവശ്യപ്പെട്ടതായി റെഡ്ഡി പറഞ്ഞു.ടി.ആർ.എസ്, ടി.എം.സി, ബി.ജെ.ഡി തുടങ്ങിയ പാർട്ടികളും ജാതി സെന്‍സസിനെ പിന്തുണച്ചിട്ടുണ്ട്.
അതേസമയം ബിഹാറില്‍ ജാതി സെന്‍സസ് നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ കലക്ടറെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നത്.മൊബൈൽ ആപ്പു വഴി വാർഡ് തലത്തിൽ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക. രണ്ടാംഘട്ടത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങൾ, വാർഷിക വരുമാനം എന്നിവയും ശേഖരിക്കും. സർക്കാർ പട്ടികയിൽ ജാതി രേഖപ്പെടുത്താത്തവർ ജാതി തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റും വിവരശേഖരണം നടത്തുന്നവർക്ക് മുൻപിൽ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ജാതി സെൻസസ് പോർട്ടലിലേക്ക് മൊബൈൽ ആപ്പ് വഴി കൈമാറും.
തൊഴിലുറപ്പ് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽ ഉള്ളവരെയാണ് സെൻസസ് നടപടികൾക്കായി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന ഓരോരുത്തരും അതാത് മേഖലകളിലെ 150 മുതൽ 160 വീടുകളിലെ വിവരങ്ങൾ ശേഖരിക്കും എന്നാണ് കണക്കാക്കുന്നത്. മെയ് മാസം അവസാനത്തോടെ സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് ബിഹാർ സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസിനായി 500 കോടി രൂപ ആണ് ബിഹാർ സർക്കാർ വിലയിരുത്തിയിരിക്കുന്നത്.