ബി.ബി.സി ഡോക്യുമെന്ററി: പാർട്ടി താത്പര്യത്തെക്കാൾ വലുത് രാജ്യ താത്പര്യമെന്ന് അനിൽ ആന്റണി
ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല.
കോഴിക്കോട്: ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച തന്റെ ട്വീറ്റിൽ വിശദീകരണവുമായി അനിൽ ആന്റണി. പാർട്ടി താത്പര്യത്തെക്കാൾ രാജ്യതാത്പര്യമാണ് തനിക്ക് വലുതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അനിലിന്റെ പ്രതികരണം. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളി. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ബി.ബി.സി ഡോക്യുമെന്ററി കെ.പി.സി.സി പ്രദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആന്റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് നിലപാടല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് അനിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.