അനിൽ ആന്റണി ബി.ജെ.പിയിൽ: അംഗത്വം സ്വീകരിച്ചു
ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്ന് വി.മുരളീധരൻ
ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തെത്തിയാണ് അംഗത്വമെടുത്തത്.
അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. അനിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായുള്ള അസ്വാരസ്യങ്ങൾ, അനിൽ തന്നെ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമാക്കി.
ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ പീയൂഷ് ഗോയൽ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കോൺഗ്രസ് അംഗത്വം അനിൽ രാജി വച്ചതായാണ് വിവരം. അൽപസമയത്തിനകം ബിജെപിയിൽ അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി അനിൽ ആൻ്റണി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ.പി.സി.സി ഡിജിറ്റൽ മീഡിയാ കോർഡിനേറ്ററും എഐസിസി സോഷ്യൽ മീഡിയാ കോർഡിനേറ്ററുമായിരുന്നു അനിൽ.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ചൊല്ലിയാണ് അനിലും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങളുടലെടുക്കുന്നത്. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നുകയറ്റം നടത്തുന്നു എന്ന പരാമർശം കോൺഗ്രസിന്റെ തന്നെ നയങ്ങൾക്കെതിരായിരുന്നു. കൂടാതെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പഴയതുപോലെയല്ല എന്ന വിമർശനവും വലി വിവാദങ്ങൾക്ക് വഴിവച്ചു. തുടർന്ന് ഇദ്ദേഹം പാർട്ടിയിൽ നിന്ന് പദവി രാജി വയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ അനിൽ വിമർശനങ്ങളുന്നയിച്ചതും വലിയ വാർത്തയായിരുന്നു.