സ്ഥാനം കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിങ് തലവൻ; അനിൽ ആന്റണിയുടെ പേജിൽ ജോഡോ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പോലുമില്ല
സെപ്റ്റംബർ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും ഒരു പോസ്റ്റ് പോലും ഡിജിറ്റൽ മീഡിയ തലവന്റെ പേജിലില്ല.
കോഴിക്കോട്: കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായ അനിൽ കെ. ആന്റണിയുടെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പോലുമില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജനുവരി 30ന് ജമ്മു കശ്മീരിൽ സമാപിക്കും. യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അതിനെക്കുറിച്ച് ഒരു പോസ്റ്റ് പോലും ഡിജിറ്റൽ മീഡിയ തലവന്റെ സോഷ്യൽ മീഡിയ പേജുകളിലില്ല എന്നതാണ് ശ്രദ്ധേയം.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച് ബി.ജെ.പിയുടെ സമാന നിലപാട് പങ്കുവെച്ച് അനിൽ ആന്റണി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയായത്. പൊതുവായ രാഷ്ട്രീയ വിഷയങ്ങളിലും അനിൽ ആന്റണി ഇതുവരെ സോഷ്യൽ മീഡിയയിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ബി.സി ഡോക്യുമെന്ററിയെ പിന്തുണക്കുന്നത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നാണ് അനിൽ ഇന്ന് ട്വീറ്റ് ചെയ്തത്.
''ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള യു.കെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും''-അനിൽ ട്വീറ്റ് ചെയ്തു.
അനിൽ ആന്റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ തള്ളി. ഡോക്യുമെന്ററിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. ഇതിൽ അഭിപ്രായ ഭിന്നതയില്ല. ഇത് സർക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ല. ആരെങ്കിലും പറയുന്നത് സംഘടനയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.