''താങ്കൾ അധികാരത്തിന്റെ ലഹരിയിലാണ്''; മദ്യനയത്തിൽ കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ

ഡൽഹി സർക്കാറിന്റെ പുതിയ മദ്യനയം വിവാദമായതിനെ തുടർന്ന് ജുലൈ 30ന് പിൻവലിച്ചിരുന്നു. സർക്കാർ മേഖലയിൽ മദ്യവിൽപന അവസാനിപ്പിക്കുകയും സ്വകാര്യ മേഖലക്കായി മദ്യവിൽപനക്കുള്ള അവസരം തുറന്നിടുകയും ചെയ്യുന്നതായിരുന്നു പുതിയ മദ്യനയം.

Update: 2022-08-30 09:33 GMT
Advertising

ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയത്തിൽ എഎപി സർക്കാറിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ. കെജ്രിവാളിനെഴുതിയ കത്തിലാണ് ഹസാരെ തന്റെ പഴയ സുഹൃത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്. മദ്യം പോലെ അധികാരവും ലഹരിയാണ്. താങ്കൾക്ക് അധികാരത്തിന്റെ ലഹരി ബാധിച്ചിരിക്കുന്നതായാണ് തോന്നുന്നതെന്നും കത്തിൽ ഹസാരെ പറയുന്നു.

''താങ്കൾ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് നിങ്ങൾക്ക് ഒരു കത്തെഴുതുന്നത്. താങ്കളുടെ സർക്കാറിന്റെ പുതിയ മദ്യനയം സംബന്ധിച്ച വാർത്തകൾ എനിക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. ഞാൻ ആമുഖമെഴുതിയ താങ്കളുടെ 'സ്വരാജ്' എന്ന പുസ്തകത്തിൽ മദ്യനയം സംബന്ധിച്ച് ചില ആദർശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ നിങ്ങൾ അതെല്ലാം മറന്നുപോയിരിക്കുന്നു''-കത്തിൽ ഹസാരെ പറഞ്ഞു.

കെജ്രിവാളും സിസോദിയയും എല്ലാം ചേർന്നുണ്ടാക്കിയ ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ മറ്റു പാർട്ടികളിൽനിന്ന് യാതൊരു വ്യത്യാസവുമില്ലെന്നും ഹസാരെ പറഞ്ഞു. താൻ നിർദേശിച്ചതുപോലെ ഒരു സമ്മർദ ഗ്രൂപ്പായി നിന്നിരുന്നെങ്കിൽ ഇന്ത്യയിലൊരിടത്തും ഇത്തരത്തിൽ തെറ്റായ ഒരു മദ്യനയം രൂപപ്പെടില്ലായിരുന്നുവെന്നും ഹസാരെ കത്തിൽ പറയുന്നു.

ഡൽഹി സർക്കാറിന്റെ പുതിയ മദ്യനയം വിവാദമായതിനെ തുടർന്ന് ജുലൈ 30ന് പിൻവലിച്ചിരുന്നു. സർക്കാർ മേഖലയിൽ മദ്യവിൽപന അവസാനിപ്പിക്കുകയും സ്വകാര്യ മേഖലക്കായി മദ്യവിൽപനക്കുള്ള അവസരം തുറന്നിടുകയും ചെയ്യുന്നതായിരുന്നു പുതിയ മദ്യനയം. മദ്യകടകൾക്ക് ലൈസൻസ് അനുവദിക്കുന്നതിലുൾപ്പെടെ ചട്ടലംഘനങ്ങൾ നടന്നെന്നാണ് ആരോപണമുയർന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News