വ്യാജ പാസ്‌പോർട്ട് നിർമിച്ച കേസിലും പ്രതി; 'തെലങ്കാന ഓപ്പറേഷൻ താമര'യിലെ ഇടനിലക്കാരൻ കൂടുതൽ കുരുക്കിൽ
എം.എൽ.എമാരെ വിലക്കെടുക്കാൻ പ്രലോഭനങ്ങളും ഭീഷണിയുമായും ഇടനിലക്കാരനായി പ്രവർത്തിച്ചത് രാമചന്ദ്ര ഭാരതിയായിരുന്നു
ന്യൂഡൽഹി: തെലങ്കാന ഓപ്പറേഷൻ താമരയിലെ പ്രതിക്കെതിരെ വ്യാജരേഖ നിർമാണ കേസിലെ അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ ഏജന്റ് രാമചന്ദ്ര ഭാരതിയാണ് വ്യാജ പാസ്പോർട്ട് ചമച്ച കേസിലും പ്രതിയായത്. ടി ആർ എസ് എം എൽ എ മാർക്ക് നൽകാനുള്ള പണവുമായി എത്തിയപ്പോൾ തെലങ്കാന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
രോഹിത് റെഡ്ഢി ഉൾപ്പെടെയുള്ള ടി.ആർ.എസ് എം.എൽ.എമാരെ ബിജെപിയിൽ ചേർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോടിക്കണക്കിന് രൂപയുമായി പ്രത്യേക അന്വേഷണ സംഘം രാമചന്ദ്ര ഭാരതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ് പരിശോധിച്ചപ്പോൾ ഒരേ ഫോട്ടോയിൽ വിവിധ തരം പാസ്പോർട്ടുകൾ കണ്ടെത്തുകയായിരുന്നു. ഒന്ന് രാമചന്ദ്ര ഭാരതി എന്നാണെന്നെകിൽ അടുത്തത് രാമചന്ദ്ര സ്വാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയിൽ നിന്നും കുമാർ ശർമ്മ എന്ന പേരിൽ 2019 ഇൽ പാസ്‌പോർട്ട് സംഘടിപ്പിച്ചു. വിവിധ വിലാസങ്ങളിൽ പാസ്‌പോർട്ട് നേടിയെടുക്കാനായി ആധാർ കാർഡ് ,പാൻ കാർഡ് എന്നിവ വ്യാജമായി സൃഷ്ടിക്കാൻ ആരുടെയൊക്കെ സഹായം തേടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എം.എൽ.എമാരെ വിലക്കെടുക്കാൻ പ്രലോഭനങ്ങളും ഭീഷണിയുമായും ഇടനിലക്കാരനായി പ്രവർത്തിച്ചത് രാമചന്ദ്ര ഭാരതിയായിരുന്നു. ബിജെപി ദേശീയവും ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവരോട് രാമചന്ദ്രഭാരതി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ കൈമാറിയിട്ടുണ്ട്.