ഗുജറാത്ത് കോൺഗ്രസ് നേതാവ് എംഎൽഎ രാജിവച്ചു; ബിജെപിയിൽ ചേരും
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയ പാര്‍ട്ടിവിട്ടിരുന്നു
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കോൺഗ്രസ് നേതാവ് അരവിന്ദ് ലഡാനി എംഎൽഎ സ്ഥാനം രാജിവച്ചു. മാനവാദറിൽ നിന്നുള്ള എംഎൽഎയാണ് സമയമാകുമ്പോൾ ബിജെപിയിൽ ചേരുമെന്ന് അരവിന്ദ് ലഡാനി പറഞ്ഞു.
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയ പാര്‍ട്ടിവിട്ടു. പോർബന്തറിൽ നിന്നുള്ള എംഎൽഎയായ അര്‍ജുന്‍ നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. മോദ്‌വാദിയയുടെ രാജി ചൗധരി സ്വീകരിച്ചതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
2022ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രമുഖ നേതാവ് ബാബു ബോഖിരിയയെ പരാജയപ്പെടുത്തിയാണ് പോര്‍ബന്തര്‍ മണ്ഡലത്തില്‍ നിന്നും മോദ്‍വാദിയ നിയമസഭയിലെത്തിയത്. ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവാണ് മോദ്‍വാദിയ. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോദോ ന്യായ് യാത്ര’ വ്യാഴാഴ്ച ഗുജറാത്തിൽ പ്രവേശിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മുതിർന്ന നേതാവിൻ്റെ രാജി.അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച പാർട്ടിയുടെ തീരുമാനത്തിൽ നിരാശയുണ്ടെന്നും ഇത് ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്‌ത കത്തിൽ മോദ്‌വാദിയ പറഞ്ഞു.ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അവരുടെ വികാരങ്ങൾ വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അയോധ്യയിലെ മഹോത്സവം ബഹിഷ്‌കരിച്ച് കോൺഗ്രസ് പാർട്ടി ശ്രീരാമനെ അപമാനിച്ച രീതിയിൽ മനംനൊന്ത നിരവധി ആളുകളെ ഞാൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
"ഈ പുണ്യസമയത്തെ കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനും അപമാനിക്കുന്നതിനുമായി, അസമിൽ കലാപം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു, ഇത് ഞങ്ങളുടെ പാർട്ടി കേഡർമാരെയും ഭാരതത്തിലെ പൗരന്മാരെയും കൂടുതൽ രോഷാകുലരാക്കി," അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിൻ്റെ രാജിയോടെ 182 അംഗ നിയമസഭയിൽ പ്രതിപക്ഷ പാർട്ടിയുടെ അംഗബലം 14 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അംബരീഷ് ദേറും പാര്‍ട്ടി വിട്ടിരുന്നു. അമ്റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ നിയമസഭാംഗമാണ് ദേര്‍.അദ്ദേഹം ഇന്ന് ബി.ജെ.പിയില്‍ ചേരും. പാർട്ടിയിലെ ദേറിൻ്റെ വഴികാട്ടി കൂടിയായ അര്‍ജുന്‍ മോദ്‍വാദിയ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. എന്നാല്‍ മോദ്‍വാദിയ ഇത് നിഷേധിച്ചിരുന്നു.