സ്കൂൾ ശുചിമുറികൾ ശുചീകരിക്കാൻ വിദ്യാർഥികൾ; രണ്ട് മാസത്തിനുള്ളിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം
സർക്കാർ സംഘം സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി
ബെംഗളൂരു: സ്കൂൾ ശുചിമുറികൾ ശുചീകരിക്കാൻ കർണാടകയിൽ വീണ്ടും വിദ്യാർഥികൾ. ചിക്കെബല്ലാപ്പൂരിലെ സർക്കാർ സ്‌കൂളിലെ ശുചി മുറികൾ രണ്ട് വിദ്യാർത്ഥികൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ചയാണ് ചിക്കബെല്ലാപൂരിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിൽ നിന്നുള്ള വീഡിയോ വൈറലായത്. തുടർന്ന് സംസ്ഥാന സർക്കാർ സംഘം സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കർണാടകയിൽ സ്കൂൾ ശുചിമുറികൾ വൃത്തിയാക്കാൻ വിദ്യാർഥികളെ ഉപയോഗിച്ച മൂന്നാമത്തെ സംഭവമാണിത്.കോലാറിലെ യെലവള്ളി മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർത്ഥികളെ കക്കൂസ് കുഴിയിലെ മാലിന്യങ്ങൾ കോരിപ്പിച്ചത് റിപ്പോർട്ട് ചെയ്താണ് ആദ്യ സംഭവം. തൊട്ടുപിന്നാലെ ബെംഗളൂരുവിലെ അന്ധരഹള്ളി സർക്കാർ സ്‌കൂളിലെ ശുചി മുറികൾ വിദ്യാർഥികൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇരു സംഭവങ്ങളും വലിയ വിവാദങ്ങൾ ഉണ്ടാക്കുകയും നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.
കർണാടക വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇത്തരം ജോലികൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി.