'ജെ.എന്‍.യു കാമ്പസില്‍ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍': നടപടിയെടുക്കുമെന്ന് വി.സി

സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കെട്ടിടത്തിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്

Update: 2022-12-02 08:30 GMT
Advertising

ജെ.എന്‍.യു കാമ്പസിലെ ചുമരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കെട്ടിടത്തിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'ബ്രാഹ്മണർ കാമ്പസിൽ നിന്ന് പോകുക' എന്നാണ് എഴുതിയിരിക്കുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് അറിയിച്ചു.

ജെ.എൻ.യു എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും സർവകലാശാല ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജെ.എൻ.യു എല്ലാവരെയും ഉള്‍ക്കൊള്ളുക, സമത്വം എന്നിവയ്ക്കായി നിലനില്‍ക്കുന്നു. കാമ്പസിലെ ഏത് തരത്തിലുള്ള അക്രമങ്ങളോടും ഒരു സഹിഷ്ണുതയുമുണ്ടാകില്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെട്ടു. ഇടതുപക്ഷമാണ് പിന്നിലെന്ന് എ.ബി.വി.പി ആരോപിച്ചു- "കമ്യൂണിസ്റ്റ് ഗുണ്ടകൾ അക്കാദമിക ഇടങ്ങൾ നശിപ്പിക്കുന്നതിനെ എ.ബി.വി.പി അപലപിക്കുന്നു. ജെഎൻയുവിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് കെട്ടിടത്തിലെ ചുവരുകളിൽ കമ്യൂണിസ്റ്റുകൾ അധിക്ഷേപങ്ങൾ എഴുതി" എന്നാണ് എ.ബി.വി.പി ട്വീറ്റ് ചെയ്തത്. ജെ.എന്‍.യു ടീച്ചേഴ്സ് ഫോറവും ചുവരെഴുത്തിനെ അപലപിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News