പാന്‍ മസാല പരസ്യത്തില്‍ നിന്ന് പിന്മാറിയ ബച്ചനെ അഭിനന്ദിച്ച് ആക്റ്റിവിസ്റ്റുകള്‍
കരാറിലൂടെ ലഭിച്ച മുഴുവൻ പണവും തിരികെ നൽകാനും ബച്ചന്‍ തീരുമാനിച്ചിരുന്നു
പാൻ മസാല ബ്രാൻഡുമായുള്ള കരാർ അവസാനിപ്പിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കരാറിലൂടെ ലഭിച്ച മുഴുവൻ പണവും തിരികെ നൽകാനും ബച്ചന്‍ തീരുമാനിച്ചിരുന്നു. കാന്‍സര്‍ ബാധിതര്‍ക്കായുള്ള സംഘടനകള്‍ ബച്ചനെ അഭിനന്ദിച്ചു.
കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണമെന്ന് പുകയില വിരുദ്ധ സംഘടനകള്‍ ബച്ചനോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കള്‍ പുകയിലയ്ക്ക് അടിമകളാവാതിരിക്കാന്‍ ബച്ചന്‍ കരാറില്‍ നിന്ന് പിന്മാറണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. താന്‍ കരാറിലേര്‍പ്പെട്ട കമ്പനിയുടെ മറ്റൊരു ഉത്പന്നമായ പാന്‍ മസാലയുടെ പരസ്യത്തില്‍ തന്‍റെ മുഖം ഉപയോഗിച്ചത് അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കരാറില്‍ നിന്ന് ബച്ചന്‍ പിന്‍മാറിയത്.
സിഗരറ്റ്, ബീഡി, പാൻ മസാല, ഗുട്ട്ക, മറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ പുകയില വിരുദ്ധര്‍ മുന്നേറുകയാണ്. മൗത്ത് ഫ്രെഷ്നറുകള്‍ വില്‍ക്കുന്ന കമ്പനികള്‍ രഹസ്യമായി പാന്‍ മസാലകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി, സലാം ബോംബെ തുടങ്ങിയ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
കാൻസർ, ശ്വാസകോശരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള പല മാറാരോഗങ്ങൾക്കും പുകയില ഉപയോഗം ഒരു പ്രധാന കാരണമാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഏകദേശം 1.35 ദശലക്ഷം പേര്‍ മരിക്കുന്നു. ബച്ചന്‍ അറിയാതെയാണ് അദ്ദേഹത്തെ പാന്‍ മസാല പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മനസ്സിലാക്കുന്നുവെന്ന് ആക്റ്റിവിസ്റ്റുകള്‍ പ്രതികരിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചുള്ള പെട്ടെന്നുള്ള തിരുത്തൽ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുള്ള സെലിബ്രിറ്റികളും പിന്തുടരേണ്ട മാതൃകയാണിതെന്ന് കത്തിൽ ഒപ്പിട്ട ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു.