ഇതൊരു സാധാരണ സംഭവമായി മാറിത്തുടങ്ങി; പറ്റേണിറ്റി അവധിയെടുക്കുന്ന ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിന് അഭിനന്ദനവുമായി അനുഷ്‌ക ശർമ
അനുഷ്‌ക ശർമ്മയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമായ വിരാട് കോഹ്ലി മകളുടെ ജന്മസമയത്ത് പിതൃത്വ അവധി എടുത്തതിന് വൻതോതിൽ വിമർശനം നേരിട്ടിരുന്നു
ജോലി ചെയ്യുന്ന സ്ത്രീകളുടെ ഏറ്റവും കഠിനമായ സമയമാണ് പ്രസവവും അതിന് ശേഷമുള്ള കുറച്ച് കാലവും. മിക്ക കമ്പനികളും കുഞ്ഞ് ജനിച്ചാൽ സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവുകൾ നൽകാറുണ്ട്. ചില കമ്പനികൾ ശമ്പളത്തോടെ ലീവ് നൽകുമ്പോൾ മറ്റു ചില കമ്പനികൾ ശമ്പളമില്ലാതെയും മെറ്റേണിറ്റി ലീവ് നൽകാറുണ്ട്. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ ഉത്തരവാദിത്വം മുഴുവനും അമ്മക്കാണെന്ന തെറ്റിദ്ധാരണയും സമൂഹത്തിനുണ്ട്. എന്നാൽ വികസിത രാജ്യങ്ങളിലെല്ലാം കുഞ്ഞിന്റെ ജനനശേഷം പിതാവിന് പറ്റേണിറ്റി ലീവ് (പിതൃത്വ അവധി) എടുക്കാനുള്ള അനുവാദം നൽകാറുണ്ട്. അച്ഛന് പറ്റേണിറ്റി ലീവ് നല്‍കുന്നത് നമ്മുടെ നാട്ടില്‍ ഇന്നും അത്ര പതിവുള്ള കാഴ്ചയല്ല. മുൻ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‍ലി പറ്റേണിറ്റി ലീവ് എടുത്തതോടെയാണ് ഇതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ നടന്നിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം പറ്റേണിറ്റി ലീവെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്ട് ട്വിറ്റർ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാൾ.
പരാഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബോളിവുഡ് നടി അനുഷ്‌ക ശർമയും പരാഗിന് അഭിനന്ദനവുമായി എത്തി. ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നും പരാഗിന്റെ തീരുമാനം ഏറെ അഭിനന്ദനീയമാണെന്നും അനുഷ്‌ക ശർമ ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചു. പരാഗിന്റെ പറ്റേണിറ്റി അവധിയുമായി ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി അനുഷ്‌ക പങ്കുവെച്ചു. അനുഷ്‌ക ശർമ്മയുടെ ഭർത്താവും ഇന്ത്യൻ ടീമിന്റെ മുൻ നായകനുമായ വിരാട് കോഹ്ലി മകളുടെ ജന്മസമയത്ത് പിതൃത്വ അവധി എടുത്തതിന് വൻതോതിൽ വിമർശനം നേരിട്ടിരുന്നു.
2021 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് വിരാട് മകൾ വാമികയുടെ ജനന ശേഷം അനുഷ്‌കയോടൊപ്പം നിൽക്കാനായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഇത് ജീവിതത്തിലെ വളരെ സവിശേഷമായ നിമിഷമാണ്, എന്തുവിലകൊടുത്തും ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. ഇത് അനുഗ്രഹീതമായ സമയമാണ്. ഞങ്ങൾ വളരെ ആവേശത്തിലാണ് എന്നായിരുന്നു കോഹ്ലി പറ്റേണിറ്റി അവധിയെ വിശേഷിപ്പിച്ചത്.എന്നാൽ മത്സരം നടക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങിയതിനെതിരെ മുൻ ഇന്ത്യൻ നായകനായ സുനിൽഗവാസ്‌കറടക്കം പരോക്ഷമായി രംഗത്ത് വന്നിരുന്നു.
കമ്പനി തലവന്മാർ മാതൃകാപര തീരുമാനങ്ങൾ നടപ്പാക്കുകയും എല്ലാ ജീവനക്കാർക്കും നൽകുന്ന ഉദാരമായ രക്ഷാകർതൃ അവധി എടുക്കുകയും ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്നത് അഭിമാനമാണെന്ന് ട്വിറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാർ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ വൻകിട ടെക് കമ്പനികളൊക്കെ തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്.കേന്ദ്ര സംസ്ഥാനസർക്കാറുകളും കുട്ടി ജനിച്ചാൽ 15 ദിവസത്തെ പറ്റേണിറ്റി ലീവ് അനുവദിക്കുന്നുണ്ട്.