ഏക സിവിൽകോഡ് നടപ്പാക്കാൻ സമയമായി; ഇനിയും വൈകരുത്: ഉപരാഷ്ട്രപതി
ഗുവാഹതി ഐ.ഐ.ടിയുടെ ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി ഏക സിവിൽകോഡിനെക്കുറിച്ച് സംസാരിച്ചത്.
ഗുവാഹതി: ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഇനിയും വൈകരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഏക സിവിൽകോഡ് വൈകുന്നത് നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹതി ഐ.ഐ.ടിയുടെ ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി ഏക സിവിൽകോഡിനെക്കുറിച്ച് സംസാരിച്ചത്.
നമ്മുടെ ഭരണഘടന നമുക്ക് നൽകിയത് വളരെ ജ്ഞാനികളും വിവേകികളുമാണ്, ഡോ. ബി.ആർ അംബേദ്കർ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. മാർഗനിർദേശത തത്വങ്ങളെന്ന നിലയിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം അവർ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണത്തിൽ ഈ തത്ത്വങ്ങൾ അടിസ്ഥാനപരമാണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. നിയമനിർമ്മാണത്തിൽ ഈ തത്വങ്ങൾ പ്രയോഗിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്-ഉപരാഷ്ട്രപതി പറഞ്ഞു.
പഞ്ചായത്തീരാജ് സംവിധാനം, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങിയവയെല്ലാം മാർഗനിർദേശക തത്വങ്ങളുടെ പിൻബലത്തിൽ ഉണ്ടായതാണ്. ഇപ്പോൾ ഏക സിവിൽകോഡ് നടപ്പാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഇനിയും വൈകിയാൽ നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കും.