ലക്ഷ്യമിട്ടത് മുസ്‌ലിം വനിതാ ആക്ടിവിസ്റ്റുകളെയും പ്രൊഫഷനലുകളെയും; 'സുള്ളി ഡീല്‍സി'നെതിരെ വ്യാപക പ്രതിഷേധം

മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ ലേലത്തിനുവെച്ചിരിക്കുന്നു എന്ന തരത്തില്‍ ഉള്ളടക്കം നൽകിയ 'സുള്ളി ഡീല്‍സി'നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

Update: 2022-08-29 06:12 GMT
Advertising

മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്‍ അപമാനിച്ച 'സുള്ളി ഡീല്‍സി'നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. മുസ്‌ലീം സ്ത്രീകളെ ലേലത്തിനുവെച്ചതായി ചിത്രീകരിക്കുന്ന തരത്തിൽ ഉള്ളടക്കം നൽകിയ വെബ്‌സൈറ്റിനെതിരേ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍(ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലിസിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം വനിതാ ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു വെബ്സൈറ്റിലെ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'.

ഗിറ്റ് ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് 'സുള്ളി ഡീല്‍സ്' എന്ന വെബ്സൈറ്റിൽ ഇന്നത്തെ ഡീല്‍' എന്ന അടിക്കുറിപ്പോടെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ നാലിനാണ് ഗിറ്റ് ഹബ് വഴി സംഘം നൂറുകണക്കിന് മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്തത്. നിരവധിയാളുകള്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവം വിവാദമായതോടെ സുള്ളി ഡീല്‍സ് എന്ന ആപ്പിന്‍റെ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ് ചിത്രങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.



ഇതിനുപിന്നാലെ 'സുള്ളി ഡീല്‍' നിര്‍മാതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.  



ഇതൊരു സൈബർ കുറ്റകൃത്യമാണ്.. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കണം. ഡല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.




ആക്ടിവിസ്റ്റും ജാമിഅ മില്ലിയ്യയിലെ പൗരത്വ പ്രക്ഷോഭ സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളമുമായ ലദീദ ഫര്‍സാന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

GitHub പ്ലാറ്റ്ഫോം ഉപയോഗിച്ച് Sulli Deals എന്ന വെബ്സൈറ്റിൽ ഇന്ത്യയിലെ നൂറുക്കണക്കിന് മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ചിരിക്കുന്നു എന്ന വാർത്ത ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്. സുഹൃത്ത് അഫ്രീൻ ഫാത്തിമ പറഞ്ഞപ്പോൾ ആണ് ഞാനും അതിൽ ഉണ്ടായിരുന്നു എന്നറിഞ്ഞത്. മാത്രവുമല്ല ഡൽഹിയിലെ സുഹൃത്തുക്കളും പരിചയക്കാരുമായ ധാരാളം പേർ അതിലുൽപ്പെട്ടിട്ടുമുണ്ട് .വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ Find Your Sulli Deal of the Day എന്ന് വരുമത്രെ. പിന്നീട് ലേലത്തിൽ വെച്ചിരിക്കുന്ന വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഓരോന്നായി കാണിച്ചുതുടങ്ങും. സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.കഴിഞ്ഞ 20 ദിവസമായി വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. ദേശീയ വനിത കമ്മീഷന്റെയടക്കം പല പരാതികളെയും തുടർന്ന്
ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
ഇന്ത്യയിലെ ഓരോ മുസ്‌ലിം സ്ത്രീകളും റേപ്പ് ചെയ്യപ്പെടേണ്ടവളാണ് എന്ന സംഘപരിവാറിന്റെ വിദ്വെഷ അതിക്രമത്തിന്റെ തുടർച്ചയാണ് ഇത്തരം സൈബർ അറ്റാക്കുകൾ.
മുസ്‌ലിം സ്ത്രീകളായ, ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ, അങ്ങനെ തുടങ്ങി പലരും ഈ ഭീഷണി നിരന്തരം നേരിടുന്നവർ ആണ്.
ഇന്ത്യയിലെ "മുഖ്യധാര ഫെമിനിസ്റ്റുകൾക്ക് Sulli Deals ഒരു വാർത്തപോലുമായിരുന്നില്ല എന്നതിൽ വലിയ അത്ഭുതമില്ല. ഏതെങ്കിലും ഒരു സവർണ ഹിന്ദു സ്ത്രീയെ സംബന്ധിക്കുന്ന പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന സാമൂഹിക പിന്തുണയുടെ ഒരംശംപോലും സോഷ്യൽ മീഡിയയിൽ വിൽപ്പനക്ക് വെക്കപ്പെട്ട 100 കണക്കിന് മുസ്‌ലിം സ്ത്രീകൾക്ക് ഉണ്ടാകില്ല എന്നത് ഒരു പുതിയ കാര്യമല്ലല്ലോ...

Full View



എഴുത്തുകാരിയ ഉമ്മുല്‍ ഫൈസയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

സുള്ളി ഡീൽസ് " മറ്റൊരു സംഘി സൈബർ ആക്രമണമായി മാത്രം കാണാൻ കഴിയില്ല.
പൗരത്വ പ്രക്ഷോഭം ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറ്റിയിരുന്നു. മുസ്‌ലിം സ്ത്രീകളുടെ മുൻകൈയിൽ നടന്ന പ്രക്ഷോഭമായിരുന്നു അത്. ഈ പുതിയ രാഷ്ട്രീയ പ്രതിരോധത്തെ തകർക്കാൻ ബലാൽ സംഘത്തെ രാഷ്ട്രീയാധുമാക്കണമെന്നു പഠിപ്പിച്ച ആചാര്യന്റെ വാക്കുകൾ അനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം എന്തു നിയമം, എന്തു നീതി?
ഒറ്റപ്പെട്ട സൈബർ ആൾക്കൂട്ടമൊന്നുമല്ല. പതിവു സൈബർ അറ്റാക്കിന്റെ രീതികളുമല്ല. രാജ്യത്തെ വിവിധ സർവകലാശാലകളിലും നഗരങ്ങളിലും ടൗണുകളിലും ജീവിക്കുന്ന വിവിധ മുസ്‌ലിം സ്ത്രീക ആക്ടിവിസ്റ്റുകളെ തികഞ്ഞ സംഘടിത ബുദ്ധിയോടെയാണ് "ലൈംഗിക അടിമകൾ " എന്ന തരത്തിൽ ഓൺലൈൻ ലേലത്തിനു വെച്ചത്.
സംഘപരിവാറിനെതിരായ മുസ്‌ലിം പ്രതിരോധത്തെയും അതിജീവന പരിശ്രമങ്ങളെയും തകർക്കാനും തളർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മുസ്‌ലിം സമുദായത്തിലെ സ്ത്രീജനങ്ങളെ അക്രമിച്ചും അവഹേളിച്ചും വാശി തീർക്കുകയാണ് സംഘികൾ.
പല രീതിയിൽ വ്യക്തിബന്ധമുള്ള നിരവധി സുഹൃത്തുക്കൾ ഇവ്വിധം അപമാനിക്കപ്പെടുന്നത് കാണുമ്പോൾ, ഒന്നും ചെയ്യാൻ കഴിയാതെ ജീവിക്കുന്നതിന്റെ ഗതികേടു മാത്രം ബാക്കി.

Full View



Full View

അതേസമയം സുള്ളി ഡീല്‍സ് വെബ്സൈറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീര്‍ത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 354എ വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനാണ് കേസെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിറ്റ്ഹബിന് നോട്ടീസ് അയച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News