ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിന് എതിരെ അപ്പീൽ; പ്രത്യേക സിറ്റിങ്ങിന് സുപ്രിംകോടതി

ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്

Update: 2022-10-14 14:38 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിലാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസർ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീൽ. ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ അപ്പീലിൽ സുപ്രിംകോടതി നാളെ രാവിലെ പതിനൊന്നിന് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് ബേല എം ത്രിവേദിയുമാണ് അപ്പീൽ പരിഗണിക്കുക. 

ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അദ്ദേഹത്തെ ഉടന്‍ ജയിലിൽ നിന്ന് മോചിതനാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവ് ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു. 

ശാരീരിക അവശതയെ തുടർന്ന് വീൽചെയറിലായ സായിബാബ ഇപ്പോൾ നാഗ്‍പൂര്‍ സെൻട്രൽ ജയിലിലാണ്. കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ അവരെ ജയില്‍ മോചിതരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.

യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News