നിയമസഭാ ടിക്കറ്റ് വേണോ? യു.പിയില്‍ കോൺഗ്രസിന് 11,000 രൂപ നൽകണം
സ്ഥാനാർഥി മോഹികളിൽ നിന്നും തുക പിരിച്ചെടുക്കാന്‍ പ്രത്യേക ഭാരവാഹികളെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ നിയമിച്ചു
ഉത്തർപ്രദേശിൽ നിയമസഭാ ടിക്കറ്റിനായി കോൺഗ്രസ് അപേക്ഷാ ഫീസ് ഏർപ്പെടുത്തി. സ്ഥാനാർഥി മോഹികളിൽ നിന്നും തുക പിരിച്ചെടുക്കുന്നതിനായി പ്രത്യേക ഭാരവാഹികളെയും ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ നിയമിച്ചു.
നിയമസഭാ ടിക്കറ്റ് വേണമെങ്കിൽ കോൺഗ്രസിന് 11000 രൂപ നൽകണം. ടിക്കറ്റ് ചോദിച്ചു കോൺഗ്രസ് ഭാരവാഹിയെ നേരിട്ട് വിളിച്ചു
? ഒരു ടിക്കറ്റ് വേണം, ടിക്കറ്റിനുള്ള തുക എങ്ങനെ അയക്കണം?
=എന്‍റെ ഫോണിലേക്കു ഒരു നമസ്കാരം അയക്കൂ, ഡീറ്റയ്ൽസ് അയച്ചു തരാം
? പ്രതാപ് ഗഡിൽ നിന്നാണ് വിളിക്കുന്നത്. തുക നല്‍കിയിട്ട് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പൈസ തിരികെ തരുമോ?
= തിരികെ നൽകില്ല. പാർട്ടിക്ക് നിങ്ങൾ നൽകുന്ന ഒരു സഹായമായി കരുതും
? മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ പൈസ പിരിക്കുന്നില്ലല്ലോ?
= സമാജ് വാദി പാർട്ടി യുപിയിൽ 50,000 രൂപയാണ് പിരിക്കുന്നത്. ഇങ്ങനെ ഒരു പേപ്പർ പോലും നൽകാതെയാണ് അവരുടെ പിരിവ്. നിങ്ങൾ നിങ്ങളുടെ ഇഷ്ടപ്രകാരമല്ലേ പൈസ നൽകുന്നത്. നിങ്ങൾ ശരിക്കും ടിക്കറ്റിന് വേണ്ടിയാണോ വിളിക്കുന്നത്? ഞാൻ പറയുന്നതിൽ എന്തെങ്കിലും തെറ്റായ കാര്യമുണ്ടെങ്കിൽ സംസ്ഥാന പ്രസിഡന്‍റിനെ വിളിച്ചു നോക്കൂ
? സംസ്ഥാന പ്രസിഡന്റിന്റെ നമ്പർ നൽകാമോ?
= വാട്സ്ആപ്പിൽ ഒരു മെസേജ് അയക്കൂ പ്രസിഡന്‍റിന്‍റെ നമ്പർ അയച്ചുതരാം
അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പാർട്ടി ടിക്കറ്റിന് വേണ്ടിയാണ് യുപിസിസി ഫീസ് ഏർപ്പെടുത്തിയത്. ഇന്റർനെറ്റ് ബാങ്കിങ്, ഡിമാൻഡ് ഡ്രാഫ്റ്റ്, മണി ഓർഡർ എന്നിങ്ങനെ ഏതു വിധത്തിൽ വേണമെങ്കിലും തുക അയക്കാം. ഡിസിസികൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 25ന് മുൻപ് തുക അടയ്ക്കുന്നവരെയാണ് സ്ഥാനാർഥികളായി പരിഗണിക്കുന്നത്.