പരിസ്ഥിതി ചട്ടലംഘനങ്ങൾ അവഗണിച്ച് വാതക ഉല്‍പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ കരാർ; ബി.ജെ.പിക്ക് വേദാന്ത നല്‍കിയത് 100 കോടി

സുപ്രധാനമായ പാരിസ്ഥിതിക ചട്ടങ്ങൾ ദുർബലപ്പെടുത്താനായി വേദാന്ത സർക്കാരിൽ സമ്മർദം ചെലുത്തുകയും അതിൽ വിജയം കാണുകയും ചെയ്‌തെന്ന് 2023 ആഗസ്റ്റിൽ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപോർട്ടിങ് പ്രോജക്ട് വെളിപ്പെടുത്തിയിരുന്നു

Update: 2024-03-25 12:07 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പ്പൂർ: നാട്ടുകാരുടെ കടുത്ത എതിർപ്പുകളും പരിസ്ഥിതി പ്രവർത്തകരുടെ വിമർശനങ്ങളും മറികടന്ന് രാജസ്ഥാനിൽ എണ്ണ-വാതക ഉൽപാദനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകുന്നു. ഇതു കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്കുള്ളിൽ ബി.ജെ.പി അക്കൗണ്ടിൽ 110 കോടി എത്തുന്നു. എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് കമ്പനി സുഗമമായി പദ്ധതികളുമായി മുന്നോട്ടുപോകുന്നു.

ഇലക്ടറൽ ബോണ്ടിലെ മറ്റൊരു ബി.ജെ.പി-കുത്തക കമ്പനി അവിശുദ്ധ ഇടപാടിനെക്കുറിച്ചാണു പറഞ്ഞുവന്നത്. ഇന്ത്യൻ ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് ആണ് ബി.ജെ.പി അക്കൗണ്ടിലേക്ക് കോടികൾ 'നിക്ഷേപിച്ച' ആ കമ്പനി. 2022 ഒക്ടോബർ 27നാണ് വേദാന്തയുടെ ഉപവിഭാഗമായ കെയിൻ ഓയിൽ ആൻഡ് ഗ്യാസിന് രാജസ്ഥാനിൽ എണ്ണ-വാതക ഉൽപാദനത്തിന് കേന്ദ്ര സർക്കാരിന്റെ കരാർ നീട്ടിലഭിച്ചത്. 2023 വരെയാണ് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം കരാർ നീട്ടിനൽകിയത്.

2022 നവംബർ 14ന്, അഥവാ രാജസ്ഥാനിൽ കരാർ നീട്ടിലഭിച്ച് 18 ദിവസത്തിനകം 110 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി വേദാന്ത ഗ്രൂപ്പ്. ഇതിൽ 100 കോടി രൂപയും കമ്പനി നൽകിയത് ബി.ജെ.പിക്കായിരുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബാക്കി പത്തു കോടി രൂപ ലഭിച്ചത് കോൺഗ്രസിനുമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-പ്രകൃതി വാതക ഉൽപാദന കമ്പനികളിലൊന്നാണ് കെയിൻ. പരിസ്ഥിതി ചട്ടലംഘനങ്ങൾ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട് കമ്പനി. ഏറ്റവുമൊടുവിൽ കഴിഞ്ഞ 2023 ആഗസ്റ്റിൽ കമ്പനിക്കെതിരെ ഒരു അന്വേഷണ റിപ്പോർട്ടും ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപോർട്ടിങ് പ്രോജക്ട്(ഒ.സി.സി.ആർ.പി) പുറത്തുവിട്ടിരുന്നു. സുപ്രധാനമായ പാരിസ്ഥിതിക ചട്ടങ്ങൾ ദുർബലപ്പെടുത്താനായി കമ്പനി സർക്കാരിൽ സമ്മർദം ചെലുത്തിയെന്നും അതിൽ വിജയം കാണാനായെന്നുമാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായായിരുന്നു രാജസ്ഥാനിൽ വിവാദമായ ആറ് എണ്ണ പദ്ധതികൾ കമ്പനിക്കു ലഭിക്കുന്നതും. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിക്കുന്നത്.

2019 ഏപ്രിലിലാണ് ഇലക്ടറൽ ബോണ്ടിലൂടെ വേദാന്ത ആദ്യമായി രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നത്. അന്ന് 39.65 കോടി രൂപയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. ഈ തുക മുഴുവൻ പോയത് ബി.ജെ.പി അക്കൗണ്ടിലേക്കായിരുന്നു. ഇതു കഴിഞ്ഞു പത്തു ദിവസത്തിനകം, അഥവാ ഏപ്രിൽ 25ന്, രാജസ്ഥാനിൽ എണ്ണ-വാതക പദ്ധതികൾ വികസിപ്പിക്കാനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാസ്ഥാ മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി വേദാന്തയ്ക്കു ലഭിക്കുകയും ചെയ്തു.

ഇതേ വർഷം തന്നെ ജാർഖണ്ഡിലും മറ്റൊരു പദ്ധതിക്കായി കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചു. ഇത്തവണ ഉരുക്ക് നിർമാണ പ്ലാന്റിനായിരുന്നു കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ചത്. അതും വനം ഭൂമി കൈയേറിയതായുള്ള ശക്തമായ ആരോപണങ്ങൾ നിലനിൽക്കെ.

2022 ജനുവരി നാലിന് 20 കോടിയുടെ ബോണ്ടും കമ്പനി വാങ്ങി. ഈ തുക പോയത് കോൺഗ്രസ് അക്കൗണ്ടിലേക്കായിരുന്നു. എന്നാൽ, 2022 ജനുവരി പത്തിന് 76 കോടിയുടെ മറ്റൊരു ബോണ്ടും വാങ്ങി. ആ തുകയത്രയും കിട്ടിയത് ബി.ജെ.പിക്കായിരുന്നു.

ശ്രദ്ധേയമായ കാര്യം ഇതിന് ഒരു മാസം മുൻപ് 2021 ഡിസംബർ മൂന്നിന് ഒഡിഷയിലെ ഒരു അലുമിനിയം പ്ലാന്റുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചതിനെക്കുറിച്ച് കേന്ദ്രം വിശദീകരണം തേടിയിരുന്നു. എന്നാൽ, ഈ സംഭാവന ലഭിച്ച ശേഷം പിന്നീട് കേസിന് എന്തു സംഭവിച്ചെന്നോ, കേന്ദ്ര സർക്കാർ നോട്ടിസിൽ എന്തു നടപടിയുണ്ടായെന്നോ ഒന്നും വ്യക്തമല്ല. ആകെ അറിയാവുന്നത് സംഭാവന നൽകി തൊട്ടടുത്ത മാസം കമ്പനി സി.ഇ.ഒ ഒരു അഭിമുഖത്തിൽ നൽകിയ പ്രതികരണം മാത്രമാണ്. നിശ്ചയിച്ച പ്രകാരം പദ്ധതി മുന്നോട്ടുപോകുന്നുവെന്നായിരുന്നു ആ വിശദീകരണം.

എന്നാൽ, 2022 മെയ് മാസം ദേശീയ ഹരിത ട്രിബ്യൂണൽ വേദാന്തയ്ക്ക് 25 കോടി രൂപയുടെ പിഴ ചുമത്തി. ഒഡിഷയിലെ കലഹന്ദി ജില്ലയിലെ ലാഞ്ചിഗഡിലുള്ള കമ്പനിയുടെ അലൂമിനിയം റിഫൈനറിയിൽ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ. എന്നാൽ, രണ്ടു മാസം കഴിഞ്ഞ്, ജൂലൈ രണ്ടിന് ഇലക്ടറൽ ബോണ്ടിലൂടെ കമ്പനി ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളിന് 25 കോടി രൂപ നൽകി. ഇത്തരത്തിൽ പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചും നാട്ടുകാരുടെ എതിർപ്പുകളും പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പുമെല്ലാം അവഗണിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ പദ്ധതികളെല്ലാം ഇലക്ടറൽ ബോണ്ടിന്റെ ബലത്തിൽ സുഗമമായി മുന്നോട്ടുപോകുകയാണെന്നാണു പുറത്തുവരുന്ന വിവരങ്ങളിൽനിന്നു വ്യക്തമാകുന്നത്.

Summary: Days after Union Ministry of Petroleum and Natural Gas's approval to expand project in Rajasthan, Vedanta Limited gave Rs 100 Cr to BJP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News