'കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും ഇത്ര ലാഘവത്തോടെയാണോ പെരുമാറുന്നത്?' ലഖിംപൂര്‍ കേസില്‍ യുപി സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്ന് അറിയിച്ച യു പി സർക്കാറിനോട് പ്രവൃത്തിയിലും അത് കാണിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി

Update: 2021-10-08 08:28 GMT
Editor : Nisri MK | By : Web Desk
Advertising

ലഖിംപൂർ കർഷകകൊലയിൽ സ്വമേധയാ എടുത്ത കേസിൽ യുപി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും ഇത്ര ലാഘവത്തോടെയാണോ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്രയക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്ന് അറിയിച്ച യു പി സർക്കാറിനോട് പ്രവൃത്തിയിലും അത് കാണിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

ആശിഷ് മിശ്ര നാളെ ഹാജരാകുമെന്ന് യു പി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് മിശ്ര പറഞ്ഞു. കർഷകകൊലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാക്കാൻ  ആശിഷ് കൂടുതൽ സമയം ചോദിച്ചെന്നും നാളെ 11 മണി ഹാജരാകാമെന്ന് ആശിഷിന്‍റെ അഭിഭാഷകൻ അന്വേഷണ സംഘത്തിനെ അറിയിച്ചെന്നും ഹരീഷ് മിശ്ര പറഞ്ഞു.

ആശിഷ് മിശ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഹാജരായില്ലെങ്കിൽ നിയമപരമായ നടപടിയെടുക്കുമെന്ന് യുപി സർക്കാർ കോടതിയിൽ  അറിയിച്ചു. വെടിവെച്ചുവെന്ന് ആരോപണം ഉണ്ട്.എന്നാൽ പോസ്റ്റ്മോർട്ടത്തിൽ അത് തെളിഞ്ഞിട്ടില്ല.  ഗൗരവമുള്ള കേസ് ആണെന്നിതെന്നും യുപി സർക്കാർ കോടതിയില്‍ വ്യക്തമാക്കി. 

എന്നാല്‍ ഗൗരവമുള്ള കേസ് കൈകാര്യം ചെയ്യുന്നത് പോലെ അല്ല ഈ കേസ് യുപി സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് യുപി സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതിയ്ക്ക് തൃപ്തി ഇല്ല. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യണം. അതാണ് സർക്കാറിൽ നിന്നും പൊലീസിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 

"സാധാരണക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുപി സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഗൗരവമുള്ള വിഷയമായതിനാൽ പ്രത്യേക പരാമർശങ്ങൾ നടത്തുന്നില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. അന്വേഷണം വേഗത്തിൽ നടത്തണം." - കോടതി പറഞ്ഞു.

പൂജാ അവധിക്ക് ശേഷം 20 ആം തിയതി കേസ് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൃത്യമായി സൂക്ഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നും കോടതി യുപി സർക്കാറിനോട് പറഞ്ഞു.

Full View


 



Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News