ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറെ നേരിടാനുറച്ച് സർക്കാർ

മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ഗവർണർ ഒപ്പിടാത്ത നിയമ ഭേദഗതി പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു

Update: 2023-01-21 03:15 GMT
Advertising

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറെ നേരിടാനുറച്ച് സർക്കാർ. മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ഗവർണർ ഒപ്പിടാത്ത നിയമ ഭേദഗതി പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു.അഞ്ചംഗ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ശുപാർശ ചെയ്യണമെന്ന് ആവശ്യപെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചു.

ഗവർണറുമായി വീണ്ടുമൊരു പോരിന് കളമൊരുക്കുന്നതാണ് സർക്കാരിന്റെ കത്ത്. നിയമസഭ പാസാക്കി ഗവർണർക്ക് സമർപ്പിച്ച സർവ്വകലാശാല ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സർക്കാർ നീക്കം. ഇത് പ്രകാരം സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ എത്രയും വേഗം ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്ത് അയച്ചു. 2018ലെ യുജിസി റെഗുലേഷൻ അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്ന് കത്തിൽ പറയുന്നുണ്ട്.

എന്നാൽ ഈ റെഗുലേഷൻ പ്രകാരം നിയമന അധികാരിയായ ഗവർണർ ആണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഇത് കൂടുതൽ നിയമ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കും. ഗവർണറുടെ പ്രതിനിധി കൂടാതെ യുജിസി പ്രതിനിധിയും,സർക്കാർ പ്രതിനിധിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധിയും, സിൻഡിക്കേറ്റ് പ്രതിനിധിയും കമ്മിറ്റിയിലുണ്ടാകും. എന്നാൽ സർക്കാർ അയച്ച കത്ത് ഗവർണർ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്ന വൈസ് ചാൻസലർക്ക് പകരം ഏതെങ്കിലും പ്രൊഫസർമാർക്ക് താൽക്കാലിക ചുമതല നൽകാനാകും ഗവർണറുടെ നീക്കം. നിയമം മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത് വഴി ചാൻസലറുമായി ഒരു നിയമ പോരാട്ടത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News