അർജുൻ രക്ഷാദൗത്യം; കേന്ദ്രത്തിനും കർണാടകയ്ക്കും നോട്ടീസ്
അർജുനെ കണ്ടെത്താൻ ചെയ്ത കാര്യങ്ങളെല്ലാം കർണാടക നാളെ കോടതിയിൽ അറിയിക്കണം
മംഗളൂരു: അങ്കോലയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കർണാടകയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. നാളെയാണ് കർണാടക ഹൈക്കോടതിയിൽ കേസിൽ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അർജുനെ കണ്ടെത്താൻ ചെയ്ത കാര്യങ്ങളെല്ലാം കർണാടക നാളെ കോടതിയിൽ അറിയിക്കണം.
അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തെരച്ചിൽ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാൽ ജി.പി.ആർ ടെക്നോളജി ഉപയോഗിക്കുമെന്ന് എം. ഇന്ദ്രബാലൻ മീഡിയ വണ്ണിനോട് പറഞ്ഞു.