'സെൽഫി'യെടുത്ത് ഗാന്ധിജിയും മദർ തെരേസയും ചെ ഗുവേരയും; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ചിത്രങ്ങൾ
'പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ, പഴയകാല സുഹൃത്തുക്കൾ അയച്ചുതന്ന സെൽഫികളുടെ നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
മൊബൈൽ കാമറകളുടെ വരവോട് കൂടി ഫോട്ടോയെടുക്കുന്നതും സെൽഫി എടുക്കുന്നതും പുതുമയില്ലാത്ത കാര്യമായി മാറി. രണ്ടുപേർ കണ്ടുമുട്ടിയാൽ വിശേഷം ചോദിക്കുന്നതിന് മുമ്പേ നമുക്കൊരു സെൽഫിയെടുത്താലോ എന്ന് ചോദിക്കുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളവർ. എന്നാൽ നമുക്ക് മുമ്പേയുണ്ടായിരുന്ന തലമുറയിലുള്ളവർക്ക് സെൽഫി എന്താണെന്ന് പോലും അറിയില്ല.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഭരണഘടാനശില്‍പി ബി.ആർ അംബേദ്കറും മദർതെരേസയുമൊക്കെ സെൽഫിയെടുത്തിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...എങ്കിൽ ഇതാ കണ്ടോളൂ അവരുടെ സെൽഫികൾ.
ആർട്ടിഫിഷ്യൽ ഇൻലിൻജൻസ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ വ്യക്തികളുടെ ' സെൽഫി'കൾ തയ്യാറാക്കിയിരിക്കുന്നത്.ആർട്ടിസ്റ്റായ ജ്യോ ജോൺ മുള്ളൂറാണ് ഈ സെൽഫികൾക്ക് പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികൾ സെൽഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ, പഴയകാല സുഹൃത്തുക്കൾ എനിക്ക് അയച്ചുതന്ന സെൽഫികളുടെ ഒരു നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ, മദർ തെരേസ, എൽവിസ് പ്രെസ്ലി, സാവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിൻ, മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ, ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ, ജമൈക്കൻ ഗായകൻ ബോബ് മാർലി, ചെ ഗുവേര എന്നിവരുടെയും സെൽഫികൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ആയിരക്കണക്കിന് പേരാണ് ചിത്രങ്ങൾ ഷെയർചെയ്തിരിക്കുന്നത്. ചിത്രങ്ങൾ അതി ഗംഭീരം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.