എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ മനീഷ് സിസോദിയ
കെജ്‌രിവാൾ ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് സിസോദിയ പ്രചാരണ ചുമതലയുടെ തലപ്പത്തേക്ക് എത്തുന്നത്.
ന്യൂഡല്‍ഹി: ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല മനീഷ് സിസോദിയക്ക്. കെജ്‌രിവാൾ ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് സിസോദിയ പ്രചാരണ ചുമതലയുടെ തലപ്പത്തേക്ക് എത്തുന്നത്.
ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍ മോചിതനായത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
തന്നെപ്പോലെ ഭരണഘടനയുടെ ശക്തിയില്‍ അരവിന്ദ് കെജ്‌രിവാളും പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ സിസോദിയ പറഞ്ഞിരുന്നു. എട്ടാമത്തെ അപ്പീലിലായിരുന്നു സിസോദിയക്ക് ജാമ്യം ലഭിച്ചിരുന്നത്.
അതേസമയം ഹരിയാനയിൽ ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് എഎപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്ത വര്‍ഷം ആദ്യത്തിലാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. അതുവരെ കെജ്‌രിവാൾ ജയിലില്‍ തുടരേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.
മദ്യനയക്കേസില്‍ ഇക്കഴിഞ്ഞ മാർച്ചിലാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂണിൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ സി.ബി.ഐ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.