തിഹാർ ജയിലിന് മുന്നിൽ വൻ ആഘോഷം; ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് ജയിൽ മോചിതനായ കെജ്‍രിവാൾ

ആർപ്പുവിളി​കളോടെയയാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് അരവിന്ദ് കെജ്‍രിവാളിനെ സ്വീകരിച്ചത്

Update: 2024-09-13 13:43 GMT
Advertising

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം കിട്ടിയ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ  അരവിന്ദ് കെജ്‍രിവാൾ ജയിൽ മോചിതനായി. സിബിഐ അറസ്റ്റ് ചെയ്ത കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കെജ്‍രിവാൾ പുറത്തിറങ്ങിയത്. ആർപ്പുവിളി​കളോടെയയാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് കെജ്‍രിവാളിനെ തിഹാറിൽ ജയിലിൽ നിന്ന് സ്വീകരിച്ചത്. 

തിഹാർ ജയിലിന് മുന്നിൽ വൻ ആഘോഷമായിരുന്നു.  ഭഗവന്ത് മൻ, മനീഷ് സിസോദിയ, സഞ്ജയ്‌ സിങ്, അതിഷി എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് കെജ്‍രിവാളിനെ ​ സ്വീകരിച്ചത്. ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് കെജ്‌രിവാൾ പ്രതികരിച്ചു.  കനത്ത മഴയിലും കുതിരാത്ത ആവേശവുമായി ജയിലിനു മുന്നിൽ ആംആദ്മി പ്രവർത്തകർ തടിച്ചു കൂടി. പൂക്കളും മാലയും എറിഞ്ഞാണ് കെജ്‌രിവാളിനെ സ്വീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌മാൻ ജയിലിനു മുന്നിൽ നൃത്തം ചെയ്തു.

നേരത്തെ ഇഡി എടുത്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.  ഉത്തരവിൽ സിബിഐ സുപ്രിംകോടതി വിമർശിച്ചു.കേസ് രെജിസ്റ്റർ ചെയ്ത് 22 മാസം കഴിഞ്ഞാണ് സിബിഐ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാര്യങ്ങളിൽ സിബിഐ മൗനം പാലിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്ക് മുൻപുള്ള നടപടികൾ ശിക്ഷയായി മാറുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.സിബിഐ അറസ്റ്റ് ചെയ്യാൻ കാട്ടിയ തിരക്ക് നീതികരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭൂയൻ വിധിയിൽ പറഞ്ഞു.

കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ആഗസ്റ്റ് 14ന് സുപ്രിംകോടതി തള്ളിയിരുന്നു. തുടർന്ന് സിബിഐയോട് വിശദമായ വിശദീകരണം നൽകാൻ​ കോടതി ആവശ്യപ്പെട്ടിരുന്നു. സത്യം വിജയിച്ചുവെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. നുണയ്ക്കും ഗൂഢാലോചനയ്ക്കും മുകളിൽ ഒരുതവണകൂടി സത്യം വിജയിച്ചുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. സത്യത്തെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഡൽഹി മന്ത്രി അതിഷി. സുപ്രീംകോടതിക്ക് നന്ദിയെന്ന് രാഘവ് ഛദ്ദയും പ്രതികരിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News