കെജ്‍രിവാള്‍ ജനുവരിയില്‍ 'പ്രവചിച്ച' അറസ്റ്റ്; ഹിമാചല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമെന്ന് എ.എ.പി
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഡൽഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം തിങ്കളാഴ്ച യാഥാർഥ്യമായി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
"പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇ.ഡി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവരെ സ്വാഗതം ചെയ്യുന്നു. നേരത്തെയും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല"- ജനുവരിയിൽ കെജ്‍രിവാൾ പറയുകയുണ്ടായി. അന്ന് കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച്, താൻ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് സത്യേന്ദ്ര ജെയിന്‍ പറയുകയുണ്ടായി.
"എട്ട് വർഷമായി സത്യേന്ദ്ര ജെയ്‌നിനെതിരെ ഒരു കള്ളക്കേസ് നടക്കുന്നുണ്ട്. ഇ.ഡി പലതവണ വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഒന്നും കണ്ടെത്താത്തതിനാൽ കുറച്ചുകാലമായി ഇ.ഡി അദ്ദേഹത്തെ വിളിക്കുന്നത് നിർത്തിയിരുന്നു. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ചുമതലയുള്ളതിനാലാണ് അദ്ദേഹത്തെ വീണ്ടുംവിളിക്കാൻ തുടങ്ങിയത്"- ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
സത്യേന്ദ്ര ജെയിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദ്ര ജെയിന്‍ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
Summary- Delhi Chief Minister Arvind Kejriwal's January prediction about the imminent arrest of his Health Minister Satyendar Jain came true on Monday.