ഡൽഹി തെരഞ്ഞെടുപ്പ്: ആപ് ഒറ്റക്ക് മത്സരിക്കും, സഖ്യ സാധ്യത തള്ളി കെജ്‌രിവാൾ
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിശദീകരണം
ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്‌രിവാളിന്റെ വിശദീകരണം.
‘ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി സ്വന്തം ശക്തിയിൽ മത്സരിക്കും. കോൺഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല’ സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കെജ്‌രിവാൾ വ്യക്തമാക്കി.
ഈ മാസം ആദ്യവും ഡൽഹി തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ആം ആദ്‌മിയുമായി സഖ്യമുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനമെന്നും, ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പൻ വിജയമാണ് സഖ്യചർച്ചകൾക്ക് വഴങ്ങാൻ ആം ആദ്മിയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡൽഹി തെരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക എഎപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഡൽഹിയിലെ 70 സീറ്റുകളിൽ 15 എണ്ണം നേടാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 55 സീറ്റുകൾ വരെ ആം ആദ്മി ലക്ഷ്യമിടുന്നുണ്ട്. 2020 ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളാണ് ഡൽഹിയിൽ ആം ആദ്മി നേടിയത്. ബിജെപി 8 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസിന് സീറ്റുകളൊന്നും നേടാനായിരുന്നില്ല.