അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാർച്ച് 31ന് ഇൻഡ്യ മുന്നണിയുടെ മഹാറാലി

‘ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്’

Update: 2024-03-24 10:50 GMT
Advertising

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഹാറാലിയുമായി ഇൻഡ്യ മുന്നണി. മാർച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ​ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാൽ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു.

അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്, ആം ആദ്മി പാർട്ടിയുടെ ഓഫീസ് സീൽ ചെയ്യുകയുമുണ്ടായി. നേതാക്കൾക്ക് പാർട്ടി ആസ്ഥാനത്ത് എത്താൻ പോലും സാധിച്ചില്ല.

രണ്ട് വർഷമായി ഡൽഹി മദ്യനയ അഴിമതിയിൽ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറൽ ബോണ്ട്‌ വിവരങ്ങൾ പുറത്തുവന്നപ്പോൾ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോൺഗ്രസ് നേതാവ് അരവിന്ദർ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയിൽ ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മുഖ്യമന്ത്രിമാർ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദർ സിങ് ലൗലി കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News