ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം കേൾക്കൽ നാളെയും തുടരും
മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി ഹാജരായത്
ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ഇന്നും പൂർത്തിയായില്ല.വാദം കേൾക്കൽ നാളെയും തുടരും. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ഓടെ വാദം പുനരാരംഭിക്കും. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി ഹാജരായത്.
വ്യക്തമായ തെളിവുകളില്ലാതെയാണ് ആര്യന്റെ അറസെറ്റന്ന് റോഹത്ഗി കോടതിയിൽ പറഞ്ഞു. ആര്യന്റെ പക്കലിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റും ജാമ്യം നിഷേധിക്കലും. അറസ്റ്റു ചെയ്യപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റിന്റെ കാരണം അറിയിക്കാതെ തടവിലിടാൻ കഴിയില്ല, അത്തരക്കാർക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാൻ അവകാശമുണ്ടെന്നും മുകുൾ റോഹത്ഗി പറഞ്ഞു.
ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും എതിരെയുള്ള സംരക്ഷണം സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 22 ഉദ്ദരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദം. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായത്.