അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന് കെനിയന്‍ മുന്‍പ്രധാനമന്ത്രി; വീഡിയോ ആയുധമാക്കി കോണ്‍ഗ്രസ്

കെനിയയില്‍ അദാനിയുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് നരേന്ദ്ര മോദിക്കെതിരായ വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്

Update: 2024-10-15 04:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: വിവാദ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ കെനിയന്‍ സര്‍ക്കാരിന് പരിചയപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‍ല ഒഡിംഗ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അദാനിയെ കെനിയക്ക് പരിചയപ്പെടുത്തിയതെന്നാണ് റെയ്‍ല വീഡിയോയില്‍ പറയുന്നു. കെനിയയില്‍ അദാനിയുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് നരേന്ദ്ര മോദിക്കെതിരായ വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മോ-ദാനി (മോദി-അദാനി) വീണ്ടും വാർത്തകളിൽ നിറഞ്ഞെന്നും ഇത്തവണ കെനിയയിൽ നിന്നാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.'' കഴിഞ്ഞ 10 വർഷമായി ഇന്ത്യയുടെ വിദേശനയത്തിൻ്റെ കഥ ഇതാണ് - അദാനിക്കുവേണ്ടി മാത്രമാണ്'' കോൺഗ്രസ് വക്താവ് പവൻ ഖേര എക്‌സിൽ കുറിച്ചു. ഗൗതം അദാനിയെ മോദി പരിചയപ്പെടുത്തിയെന്നും ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികളിലേക്ക് കെനിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം സംഘടിപ്പിച്ചെന്നും കെനിയന്‍ മുന്‍ പ്രധാനമന്ത്രി ഒഡിംഗ പ്രസംഗിക്കുന്ന വീഡിയോയാണ് പവന്‍ ഖേര പുറത്തുവിട്ടത്. താന്‍ കെനിയയുടെ പ്രധാനമന്ത്രിയും മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ മോദി ഈ കമ്പനിയെ പരിചയപ്പെടുത്തിയതായി പത്രപ്രവര്‍ത്തകന്‍ രവി നായര്‍ പോസ്റ്റ് ചെയ്ത തിയതിയില്ലാത്ത വീഡിയോയില്‍ ഒഡിംഗ പറയുന്നു.

കെനിയന്‍ സര്‍ക്കാരിന്‍റെ സംഘത്തിന് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ മോദി അവസരം ഒരുക്കുകയും തുറമുഖം, പവര്‍ പ്ലാന്‍റ്, റെയില്‍വേ ലൈന്‍, ചതുപ്പില്‍ വികസിപ്പിച്ച എയര്‍സ്ട്രിപ്പ് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ഞാന്‍ സംസാരിക്കുന്നത് അദാനിയുടെ കമ്പനികളെ കുറിച്ചാണ്,'' ഒഡിംഗ കൂട്ടിച്ചേര്‍ക്കുന്നു.

''ഇന്ന് മൊദാനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഇത്തവണ കെനിയയില്‍, അദാനി ഗ്രൂപ്പിനെ പിന്തുണച്ചുവെന്ന് ആരോപിക്കുന്ന മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ, ഒരു പതിറ്റാണ്ട് മുമ്പ് അദാനി ഗ്രൂപ്പിന് വേണ്ടി ലോബി ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രിയാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഇപ്പോള്‍ സമ്മതിച്ചു. തീര്‍ച്ചയായും, ഇതെല്ലാം സംഭവിച്ചത് മോദി സ്വയം 'നോണ്‍ ബയോളജിക്കല്‍ പ്രൈംമിനിസ്റ്റര്‍' ആയി പ്രഖ്യാപിച്ചപ്പോഴാണ്'' ജയ്റാം രമേശ് എക്സില്‍ കുറിച്ചു.

കെനിയന്‍ സർക്കാരും ഗൗതം അദാനിയും തമ്മിലുള്ള ബിസിനസ് ഇടപാടുകളെച്ചൊല്ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു വിവാദം ഉടലെടുത്തിരുന്നു. നേരത്തെ കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്‍റെ നിര്‍മാണവും 30 വര്‍ഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കെനിയന്‍ സര്‍ക്കാരിന്‍റെ നീക്കം വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്‍റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിംഗ്‌സിന് കരാര്‍ ലഭിക്കുന്നത്. ഈ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.

അതേസമയം കെനിയയില്‍ മൂന്ന് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് ഈയിടെ സ്വന്തമാക്കിയിരുന്നു. പദ്ധതിയുടെ ചെലവ്, നിര്‍മാണം, പ്രവര്‍ത്തന നിയന്ത്രണം എന്നിവക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിലെ എനര്‍ജി സൊല്യൂഷന്‍സിന് നല്‍കിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News