നവജ്യോത് സിങ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും
കാര്‍ പാര്‍ക്കിങ്ങിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സിദ്ദുവിനെ സുപ്രിം കോടതി ഒരു വർഷത്തെ തടവുശിക്ഷക്ക് വിധിച്ചത്
ഡല്‍ഹി: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. കാര്‍ പാര്‍ക്കിങ്ങിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സിദ്ദുവിനെ സുപ്രിം കോടതി ഒരു വർഷത്തെ തടവുശിക്ഷക്ക് വിധിച്ചത് .
കഴിഞ്ഞ വർഷം മെയ് 20 മുതൽ സിദ്ദു ജയിലിലാണ്. നല്ല നടപ്പ് പരിഗണിച്ചാണ് സിദ്ദുവിനെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് 45 ദിവസം മുന്‍പ് മോചിതനാക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു ജയിലിലായത്.
1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഈ വിധി.