തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനവുമായി ഉവൈസി

''ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട.''

Update: 2024-05-12 16:06 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് പരോക്ഷ നിർദേശവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പാർട്ടി റാലിയിലാണു പ്രവർത്തകർക്കുമുന്നിൽ ഓരോ മണ്ഡലവും പ്രത്യേകം എടുത്തുപറഞ്ഞ് ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദേശം നൽകിയത്. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ശക്തമായ പോരാട്ടം നടക്കുന്ന മജ്‌ലിസ് പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്.

ഓൾഡ് ഹൈദരാബാദിലെ ഖിൽവത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഉവൈസി. ഇത് മാമുവിന്റെ(ബി.ആർ.എസ് നേതാവ് ചന്ദ്രശേഖർ റാവു) തെരഞ്ഞെടുപ്പല്ലെന്നും നരേന്ദ്ര മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ളതാണെന്നും പറഞ്ഞ ശേഷമായിരുന്നു മനസിലായില്ലെങ്കിൽ വിശദീകരിക്കാമെന്നു പറഞ്ഞ് അദ്ദേഹം മണ്ഡലങ്ങൾ ഓരോന്നും എടുത്തുപറഞ്ഞത്.

''സെക്കന്ദറാബാദിൽ തടിച്ചയാളെയും(കോൺഗ്രസ് സ്ഥാനാർഥി ധനം നാഗേന്ദ്ര), നിസാബാമാദിൽ കൂടുതൽ മുടി നരച്ചയാളെയും(കോൺഗ്രസ് സ്ഥാനാർഥി ജീവൻ റെഡ്ഡി) ചെവെല്ലയിൽ മെലിഞ്ഞയാളെയും(കോൺഗ്രസ് സ്ഥാനാർഥി ഡോ. രഞ്ജിത്ത് റെഡ്ഡി) വിജയിപ്പിക്കുക. മനസിലായോ? ഹൈദരാബാദിൽ തീർന്നാൽ ബി.ജെ.പി തെലങ്കാനയിലും തീരും. മജ്‌ലിസുകാരും മഹബൂബ്‌നഗർ, ചെവെല്ല, സെക്കന്ദറാബാദ്, മൽകാജ്ഗിരി, കരീംനഗർ, നിസാമാബാദ്, ആദിലാബാദ് സ്വദേശികളെല്ലാം ബി.ജെ.പിയെ തോൽപിക്കാൻ വോട്ട് ചെയ്യണം.''-ഉവൈസി വിശദീകരിച്ചു.

രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി ഹിന്ദുക്കളും മുസ്‌ലിംകളും അർപ്പിച്ച ജീവത്യാഗങ്ങൾ സൂചിപ്പിച്ച് ബി.ജെ.പിയുടെ ദ്വിരാഷ്ട്ര ആരോപണങ്ങളെ ഉവൈസി വിമർശിച്ചു. ''ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാജ്യമാണെന്ന് ആരാണു പറഞ്ഞത്? നമ്മൾ അങ്ങനെ പറഞ്ഞിട്ടില്ല. എ.ഐ.എം.ഐ.എമ്മിന് വോട്ട് ചെയ്യുന്നത് പാകിസ്താന് വോട്ടു ചെയ്യുന്നതിനു തുല്യമാണെന്ന് ആരാണു പറഞ്ഞത്? നാണമില്ലേ? ദ്വിരാഷ്ട്ര പദ്ധതി അവതരിപ്പിച്ചത് നിങ്ങളുടെ ആൾക്കാരാണ്. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ടു രാഷ്ട്രങ്ങളാണെന്നു പറഞ്ഞത് നിങ്ങളുടെ വീരപുരുഷനാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിവച്ച കാര്യമാണത്.''-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ടെന്നും ഉവൈസി കൂട്ടിച്ചേർത്തു.

Summary: Asaduddin Owaisi urges AIMIM supporters to vote for Congress in several seats in Telangana

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News