ഇന്ത്യയിൽ നമസ്‌കരിക്കാൻ ഇനി പൊലീസ് പെർമിഷനും വേണോ?- അസദുദ്ദീൻ ഉവൈസി

സമൂഹത്തിൽ ശത്രുതയും സ്പർധയും വളർത്താനായി സ്ഥലം മാറ്റി നമസ്‌കരിച്ചതിനാലാണ് കേസെടുത്തതെന്നാണ് ഉവൈസിയുടെ വിമർശനത്തോട് മൊറാദാബാദ് പൊലീസ് പ്രതികരിച്ചത്

Update: 2022-08-29 16:22 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: വീട്ടിൽ സമൂഹനമസ്‌കാരം നടത്തിയതിന് കേസെടുത്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ത്യയിൽ മുസ്‌ലിംകൾക്ക് വീട്ടിൽനിന്നും പോലും നമസ്‌കരിക്കാൻ പറ്റാത്ത സ്ഥിതിയാണോ എന്ന് ഉവൈസി ചോദിച്ചു. എവിടെവച്ചും നമസ്‌കരിക്കാമെന്നാണ് സുപ്രിംകോടതി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഇന്ത്യൻ മുസ്‌ലിംകൾക്ക് ഇനി വീട്ടിലും നമസ്‌കരിക്കാൻ പറ്റില്ലേ? സർക്കാരിൽനിന്നോ പൊലീസിൽനിന്നോ ഒക്കെ പെർമിഷൻ എടുക്കേണ്ടിവരുമോ നമസ്‌കരിക്കാൻ? ഇതിന് നരേന്ദ്ര മോദി മറുപടി പറയണം. എത്രകാലം ഇന്ത്യയിലെ മുസ്‌ലിംകളോട് ഇങ്ങനെ രണ്ടാംകിട പൗരന്മാരായി പെരുമാറും?''-ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉവൈസി ചോദിച്ചു.

മതമൗലികവാദം സമൂഹത്തിനിടയിൽ അത്രത്തോളം വ്യാപിച്ചിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു. സ്വന്തം വീടുകളിൽ നമസ്‌കരിക്കുന്നതുപോലും ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഉവൈസിയുടെ ട്വീറ്റിനോട് മൊറാദാബാദ് പൊലീസ് പ്രതികരിച്ചു. ഗ്രാമീണർ തമ്മിൽ പരസ്പരം രഞ്ജിപ്പിലെത്തിയ ശേഷവും ഒരുകൂട്ടർ സമൂഹത്തിനിടയിൽ ശത്രുതയും സ്പർധയും വൈരവും സൃഷ്ടിക്കാനായി സ്ഥലം മാറ്റി നമസ്‌കരിക്കുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രതികരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും മൊറാദാബാദ് പൊലീസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മൊറാദാബാദിലെ ചജ്‌ലെത്തിൽ വീട്ടിൽ കൂട്ടമായി നമസ്‌കരിച്ച 26 പേർക്കെതിരെ പൊലീസ് കേസെടുത്തത്. അയൽവാസികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് നമസ്‌കാരം നിർവഹിച്ചതെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ ഇത്തരം പരിപാടികൾ നടത്തരുതെന്ന് നേരത്തെ അയൽവാസികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതരസമുദായക്കാരായ അയൽവാസികളുടെ എതിർപ്പ് വകവയ്ക്കാതെ വീണ്ടും പ്രാർഥനാചടങ്ങ് സംഘടിപ്പിച്ചതിനാലാണ് കേസെടുത്തതെന്നും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞു.

Summary: ''Muslims in India can no longer offer Namaz even at home? Do I have to take permission from the government/police to offer prayers now?''; Asks Asaduddin Owaisi after 26 booked for mass gathering, offering namaz at home in UP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News