ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടു
ചുഴലിക്കാറ്റ് ഇന്ന് കരതൊടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂന മർദ്ദം അസാനി ചുഴലിക്കാറ്റായി മാറി. 12 മണിക്കൂറിനുള്ളിൽ അസാനി തീവ്ര ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റ് ഇന്ന് കരതൊടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഒഡീഷ, ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസാനി. എൺപത് മുതൽ 90 കിലോമീറ്റർ വരെ വേഗതയാണ് കാറ്റിന് ഇപ്പോഴുള്ളത്. എന്നാൽ ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളിൽ 125 കിലോമീറ്റർ വരെ വേഗത കൈവരിക്കും. ചൊവ്വാഴ്ച്ചയോടെ ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. കാറ്റ് കരതൊട്ടാൽ ഒഡീഷ തീരത്തെയാകും സാരമായി ബാധിക്കുക. എന്നാൽ കരതൊടാൻ സാധ്യതയില്ലെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡിഷയിലെ മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ജഗത്സിംപൂർ, ഗഞ്ചം, കോദ്ര ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ ലഭിക്കും. തിങ്കളാഴ്ച ആന്ധ്ര തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്ത് നിന്നും കുടുംബങ്ങളെ മാറ്റി പാർപിച്ചു തുടങ്ങി. 175 ഫയർഫോഴ്സ് യൂണിറ്റുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ എന്‍.ഡി.ആര്‍.എഫിൻ്റെ സഹായം തേടും. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല.