ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ജാമ്യം തേടി പ്രതി ആശിഷ് മിശ്ര സുപ്രിംകോടതിയിൽ
- ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യഹരജി തള്ളിയിരുന്നു.
ലഖ്നോ: ലഖിംപൂർഖേരി കർഷക കൂട്ടക്കൊല കേസിൽ ജാമ്യാപേക്ഷയുമായി പ്രതി ആശിഷ് മിശ്ര സുപ്രിംകോടതിയെ സമീപിച്ചു. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യഹരജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ആശിഷ് മിശ്ര സുപ്രിംകോടതിയിലെത്തിയത്.
അതിനു മുമ്പ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു നിർദേശം. അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നത്.
ഫെബ്രുവരിയിൽ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ജൂലൈയിൽ അലഹബാദ് ഹൈക്കോടതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ സമരം ചെയ്യുകയായിരുന്ന കർഷകർക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ വാഹനങ്ങൾ ഇടിച്ച് കയറ്റുകയായിരുന്നു. വാഹനമിടിച്ച് നാല് കർഷകരാണ് കൊല്ലപ്പെട്ടത്.