ലഖിംപൂര്‍ കര്‍ഷക കൊലക്കേസ്: ആശിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരായി
കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ലഖിംപൂർ കൊലപാതക കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ചോദ്യചെയ്യലിന് ഹാജരായി. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ഇന്ന് രാവിലെ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.
ആശിഷ് ഇന്ന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയും സ്ഥിരീകരിക്കുകയുണ്ടായി. ലഖിംപൂർ കൊലപാതക കേസിൽ യുപി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് കൂടിയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയ്യാറായതെന്നാണ് സൂചന. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.
അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ വസതിയിൽ നവജ്യോത് സിങ് സിദ്ദു നിരാഹാര സമരം തുടരുകയാണ്. ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആശിഷിനെ ഇന്ന് ചോദ്യംചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ലഖിംപൂരിലെ ഇന്റർനെറ്റ് ബന്ധം വീണ്ടും വിച്ഛേദിച്ചു.