രാജസ്ഥാനിലെ സംഭവത്തിൽ സോണിയയോട് മാപ്പുപറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്‌ലോട്ട്

Update: 2022-09-29 09:55 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ ഒരുങ്ങിയതിനെ തുടർന്ന് രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായി തുടരണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് ദിഗ് വിജയ് സിംഗും ശശി തരൂരും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അധ്യക്ഷ തെരെഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാർഥികളായ ശശി തരൂരും ദിഗ്‌വിജയ് സിംഗും കൂടിക്കാഴ്ച നടത്തി. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി.

50 വർഷമായി അച്ചടക്കമുളള കോൺഗ്രസ് പ്രവർത്തകനാണെന്നും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവർക്കൊപ്പം പ്രവർത്തിക്കാനായെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്രമന്ത്രിയായും മൂന്ന് തവണ മുഖ്യമന്ത്രിയായും പ്രവർത്തിക്കാനായെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജസ്ഥാനിലുണ്ടായ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെയുള്ള എംഎൽഎമാരുടെ നീക്കം തടയാൻ കഴിഞ്ഞില്ലെന്നും ഇത് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കോൺഗ്രസ് അധ്യക്ഷനായി ഗെഹ്‌ലോട്ടിനെ ഔദ്യോഗികപക്ഷം പരിഗണിച്ചതിനെ തുടർന്നാണ് നിലവിൽ അദ്ദേഹം വഹിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക് ആരെ നിയമിക്കുമെന്ന ചർച്ചയുണ്ടായത്. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് താത്പര്യം. എന്നാൽ ഗെഹ്‌ലോട്ടിനെ അനുകൂലിക്കുന്ന എം.എൽ.എമാർ ഇതോടെ രാജിഭീഷണി മുഴക്കി.

തുടർന്ന് കെ.സി വേണുഗോപാലുമായി ഫോണിൽ സംസാരിച്ച ഗെഹ്‌ലോട്ട് ഒന്നും തന്റെ നിയന്ത്രണത്തിൽ അല്ലെന്നും എം.എൽ.എമാർ ദേഷ്യത്തിലാണെന്നും അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണമെന്നും അല്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എം.എൽ.എമാർ ആവശ്യപ്പെടുന്നത്. സർക്കാർ വീണാലും സാരമില്ല, രാജിവയ്ക്കാൻ തയ്യാറാണെന്നാണ് 90ലധികം എം.എൽ.എമാരുടെ നിലപാട്.

സച്ചിൻ പൈലറ്റ് 2020ൽ ഗെഹ്‌ലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയതായിരുന്നു എം.എൽ.എമാരുടെ എതിർപ്പിനു കാരണം. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചയാളെ മുഖ്യമന്ത്രിയാക്കരുത്. ആ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ പിന്തുണച്ച ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നാണ് എം.എൽ.എമാരുടെ ആവശ്യം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ ഇത്രയും വലിയ പ്രതിഷേധം കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.


Full View


Ashok Gehlot has apologized to current Congress President Sonia Gandhi for the developments in Rajasthan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News