ഭക്ഷ്യവ്യവസായത്തിലും പിടിമുറുക്കാനൊരുങ്ങി അദാനി; റിലയൻസിന് തിരിച്ചടിയാകും

ഇന്ത്യയിലും വിദേശത്തും കൂടുതൽ കമ്പനികൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി വിൽമർ ലിമിറ്റഡ് സിഇഒ അങ്ഷു മല്ലിക് പറഞ്ഞു.

Update: 2022-09-15 12:01 GMT
Advertising

മുംബൈ: റിലയൻസിന് വെല്ലുവിളിയായി ഭക്ഷ്യവ്യവസായരംഗത്ത് കുടുതൽ നിക്ഷേപമിറക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലും വിദേശത്തും കൂടുതൽ കമ്പനികൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി വിൽമർ ലിമിറ്റഡ് സിഇഒ അങ്ഷു മല്ലിക് പറഞ്ഞു. ഭക്ഷ്യവ്യവസായരംഗത്ത് കൂടുതൽ ബ്രാൻഡുകളും വിതരണ കമ്പനികളും ഏറ്റെടുക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പർച്ചേസുകൾക്കായി കമ്പനി അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിങ്ങിൽനിന്ന് അയ്യായിരം കോടി രൂപ (62.9 മില്യൺ ഡോളർ) നീക്കിവച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ അടുത്ത വർഷത്തേക്കുള്ള മുപ്പതിനായിരം കോടി രൂപ ആസൂത്രിത മൂലധനച്ചെലവിൽ നിന്ന് അധിക ധനസഹായം ലഭിക്കുമെന്നും മല്ലിക് പറഞ്ഞു. ഫെബ്രുവരിയിൽ 486 മില്യൺ ഡോളറിന്റെ അരങ്ങേറ്റത്തിനു ശേഷം അദാനി വിൽമറിന്റെ ഓഹരികൾ മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പും ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും പോലെയുള്ള കൂട്ടായ്മകൾ 400 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ഭക്ഷ്യ ഉത്പാദന വ്യവസായത്തിന്റെ ഒരു പങ്ക് പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നതായി യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അദാനി വിൽമർ അടുത്തിടെ മക്കോർമിക് സ്വിറ്റ്‌സർലൻഡിൽനിന്ന് കോഹിനൂർ പാചക ബ്രാൻഡ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ സ്വന്തമാക്കിയിരുന്നു. എത്ര രൂപക്കാണ് ഏറ്റെടുക്കലെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഏറ്റെടുക്കലിലൂടെ അദാനി വിൽമറിന് കോഹിനൂരിന്റെ ബസുമതി അരിയുടെയും ഇന്ത്യയിലെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് കറികളുടെയും മേൽ പ്രത്യേക അവകാശം ലഭിച്ചു. അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏകദേശം 17 ബില്യൺ ഡോളർ വിലമതിക്കുന്ന ഏകദേശം 32 കമ്പനികളാണ് ഏറ്റെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News