പരീക്ഷയ്ക്ക് മുമ്പ് ഹിജാബ് അഴിക്കണമെന്ന് ആവശ്യപ്പെട്ടു; ബിഹാറിൽ വിദ്യാർഥിനികളുടെ പ്രതിഷേധം

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ

Update: 2022-10-18 05:39 GMT
Editor : Lissy P | By : Web Desk
Advertising

മുസഫർപൂർ: പരീക്ഷ എഴുതാൻ ഹിജാബ് അഴിച്ചുവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടന്നാരോപിച്ച് ബിഹാറിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. മുസഫർപൂർ മഹന്ദ് ദർശൻ ദാസ് മഹിള കോളജിലാണ് സംഭവം. ഹിജാബിനുള്ളിൽ ബ്ലൂടൂത്ത് പോലുള്ള ഉപകരണം ഒളിപ്പിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞാണ് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. രവിഭൂഷൺ എന്ന അധ്യപകൻ ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥികൾ പറഞ്ഞതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച പരീക്ഷാഹാളിലേക്ക് കയറുമ്പോഴാണ് വിദ്യാർഥിനികളെ അധ്യാപകൻ തടഞ്ഞത്. ഒരു വനിതാ ഗാര്‍ഡിനെ വിളിച്ച് തങ്ങളെ പരിശോധിക്കാന്‍ പെണ്‍കുട്ടികള്‍ അധ്യാപകനോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ അധ്യാപകൻ തങ്ങളോട് പാക്കിസ്ഥാനിൽ പൊയ്ക്കൂടെ  തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥിനികള്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹിജാബ് അഴിക്കാൻ വിസമ്മതിച്ചപ്പോൾ അധ്യാപകന്‍  ക്ലാസിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടെന്നും വിദ്യാർഥിനി ആരോപിച്ചു. തുടർന്ന് പെൺകുട്ടികൾ പരീക്ഷയെഴുതാതെ പുറത്തിറങ്ങി കോളേജ് ഗേറ്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം, വിദ്യാർഥിനികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോളജ് പ്രിൻസിപ്പൽ കനു പ്രിയ പ്രതികരിച്ചത്. നിരവധി വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുണ്ടെന്നും അത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു. ബ്ലൂടൂത്ത് ഉപകരണങ്ങൾ പരിശോധിക്കാൻ ഇൻവിജിലേറ്റർക്ക് ചെവി കാണിച്ചുകൊടുക്കണമെന്ന് മാത്രമാണ്  ആവശ്യപ്പെട്ടതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

'ഹിജാബിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പെൺകുട്ടികൾക്കെതിരെ ആരോപണം ഉന്നയിച്ച അധ്യാപകൻ ദേശവിരുദ്ധവും പാകിസ്ഥാനിലേക്ക് പോകുന്നതും പോലെ ഒന്നും പറഞ്ഞിട്ടില്ല. ആളുകൾ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

വിവരമറിഞ്ഞ് മിഥാൻപുര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകാന്ത് പ്രസാദ് സിൻഹ വനിതാ കോൺസ്റ്റബിൾമാരുമായി സ്ഥലത്തെത്തി പെൺകുട്ടികളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ പ്രശ്‌നം പരിഹരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുകൂട്ടരും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഇരുപക്ഷവും കേട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചതായും 'ഇന്ത്യടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News