അസമിലെ പൊലീസ് നരനായാട്ടിനെതിരായ പ്രതിഷേധത്തിനിടയിലും ഒഴിപ്പിക്കല്‍ തുടരുന്നു

32 കമ്പനി അര്‍ധസൈനികരെ ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

Update: 2021-09-25 05:28 GMT
Advertising

അസമിലെ പൊലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഭൂമി ഒഴിപ്പിക്കല്‍ തുടരുന്നു. 32 കമ്പനി അര്‍ധസൈനികരെ ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്. കൂടുതൽ പൊലീസിനെയും പ്രദേശത്ത് നിയോഗിച്ചു. പൊലീസ് വെടിവെപ്പിനെതിരെ അസമിൽ ന്യൂനപക്ഷ സംഘടനകളുടെ കോർഡിനേഷൻ നടത്തിയ ബന്ദ് സമാധാനപരമായിരുന്നു.

കുടിയൊഴിപ്പിക്കലിനെതിരായ പ്രതിഷേധത്തിനിടെ രണ്ടു പേരാണ് വെടിയേറ്റു മരിച്ചത്. സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ദരാങ് ജില്ലയിൽ ഇതുവരെ 602.40 ഹെക്ടർ ഭൂമിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പൊലീസിന്‍റെ നരനായാട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കു നേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റു നിലത്തു വീണയാളെ പൊലീസിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ നെഞ്ചില്‍ ചവിട്ടി.

''അവര്‍ ഞങ്ങളുടെ മകനെ കൊന്നുകളഞ്ഞു. എന്നിട്ട് അവന്റെ മൃതദേഹം ജെസിബിയില്‍ കെട്ടിത്തൂക്കി വലിച്ചുകൊണ്ടുപോയി... ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അവന്‍. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? ആണെങ്കില്‍ ഞങ്ങളെ അങ്ങോട്ടേക്കയക്കൂ...''- കഴിഞ്ഞ ദിവസം അസമിലെ ദറങ്ങില്‍ പൊലീസ് വെടിവെപ്പിലും നരനായാട്ടിലും കൊല്ലപ്പെട്ട മോയിനുല്‍ ഹഖിന്റെ പിതാവിന്റെ വാക്കുകളാണിത്. 30കാരനായ മോയിനുല്‍ ഹഖിന്റെ വേര്‍പാടോടെ മൂന്ന് പിഞ്ചുമക്കളും ഭാര്യയും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് അനാഥമായിരിക്കുന്നത്. ചെറിയ തോതിലുള്ള കൃഷി കൊണ്ടാണ് മോയിനുല്‍ ഹഖ് കുടുംബത്തിന്റെ പട്ടിണിയകറ്റിയിരുന്നത്. വീടിനു ചുറ്റുമുള്ള തുണ്ടുഭൂമിയില്‍ അല്‍പം പച്ചക്കറികള്‍ വച്ചുപിടിപ്പിച്ച് അതില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബത്തിന്‍റെ ജീവിതം. ഈ തുണ്ടുഭൂമിയാണ് ഇപ്പോള്‍ കൈയേറ്റ ഭൂമിയാണെന്ന് ആരോപിച്ച് ഒഴിപ്പിച്ചിരിക്കുന്നത്. വെടിവെപ്പില്‍ 12കാരനായ ശൈഖ് ഫരീദും കൊല്ലപ്പെട്ടു.

1300 ഏക്കറോളം സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നും അതിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നുമാണ് അസം സർക്കാരിന്‍റെ നിലപാട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News