ഉത്തരവ് ലംഘിച്ച് ബുൾഡോസർ രാജ്; കുടുംബങ്ങളുടെ പരാതിയിൽ അസം സർക്കാരിന് സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

കോടതി അനുമതിയില്ലാതെ വീടുകൾ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

Update: 2024-09-30 13:16 GMT
Advertising

ന്യൂഡൽഹി: അസമിൽ ചട്ടങ്ങളും ഉത്തരവും ലംഘിച്ച് നടത്തിയ ബുൾഡോസർ രാജ് നടപടിയിൽ സംസ്ഥാന ബിജെപി സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രിംകോടതി. വീട് തകർക്കപ്പെട്ട, കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ കചുതാലി ഗ്രാമത്തിലെയും പരിസരത്തേയും 47 കുടുംബങ്ങളുടെ ഹരജിയിലാണ് കോടതി നടപടി. രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട സുപ്രിംകോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു ​ബിജെപി സർക്കാർ ഈ കുടുംബങ്ങളുടെയടക്കം വീടുകൾ പൊളിച്ചുനീക്കിയത്.

കോടതി അനുമതിയില്ലാതെ വീടുകൾ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങൾ ഹരജി നൽകിയത്. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ബി.ആർ ​ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു.

സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ തങ്ങളുടെ വീടുകൾ തകർത്തു എന്നു മാത്രമല്ല, ഹരജികൾ തീർപ്പാക്കുന്നതുവരെ നടപടിയെടുക്കില്ലെന്ന് സെപ്തംബർ 20ന് അസം അഡ്വക്കേറ്റ് ജനറൽ ഗുവാഹത്തി ഹൈക്കോടതിക്ക് നൽകിയ ഉറപ്പും അധികൃതർ പാലിച്ചില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

ഭൂവുടമകളുമായുള്ള കരാർ പ്രകാരം പതിറ്റാണ്ടുകളായി തങ്ങൾ അവിടെ താമസിക്കുന്നവരാണെന്ന് ഹരജിക്കാർ വ്യക്തമാക്കുന്നു. തങ്ങൾ നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും നിലവിലുള്ള കരാറുകൾ പ്രകാരം തങ്ങളുടെ താമസം നിയമാനുസൃതമാണെന്നും കുടുംബങ്ങൾ പറയുന്നു. ആദിവാസി ഭൂമിയിലെ അനധികൃത കൈയേറ്റക്കാർ എന്ന് ആരോപിച്ചായിരുന്നു ഇവർക്കെതിരായ ഹിമന്ത ബിശ്വ ശർമ സർക്കാരിന്റെ ബുൾഡോസർ നടപടി.

താമസക്കാർക്ക് ഒഴിയാൻ ഒരു മാസം മുമ്പ് ഒഴിപ്പിക്കൽ നോട്ടീസ് നൽകണമെന്നത് ഉൾപ്പെടെയുള്ള നിയമപരമായ പ്രോട്ടോക്കോളുകൾ അധികൃതർ ലംഘിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിയമത്തിന് മുന്നിൽ തുല്യതയും ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 15, 21 ആർട്ടിക്കിളുകൾ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും താമസക്കാർക്ക് ന്യായമായ സാവകാശവും ഹിയറിങ്ങിനുള്ള അവസരവും നൽകാതെ തങ്ങളുടെ വീടും ഉപജീവനമാർഗവും നഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.

സെപ്തംബർ 17നാണ് വിവിധ സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് തടഞ്ഞ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ് വന്നത്. ഒക്‌ടോബർ ഒന്നു വരെ കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ വേണ്ടെന്നായിരുന്നു കോടതി ഉത്തരവ്. പൊളിക്കലുകൾ നിർത്തിവച്ചാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലെന്നും കോടതി തുറന്നടിച്ചിരുന്നു. ഭരണഘടനയുടെ ധാര്‍മികതയ്ക്ക് എതിരാണ് ഇത്തരം പ്രവൃത്തികളെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചു നീക്കുന്ന നടപടിയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

എന്നാൽ, ഇതിനു ശേഷം കാംരൂപ് ജില്ലയിലെ സോനാപൂർ സബ് ഡിവിഷനിലെ കച്ചുതാലി ​ഗ്രാമത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് സെപ്തംബർ 24, 26 ദിവസങ്ങളിൽ നടന്ന ബുൾഡോസർ രാജിൽ ഏകദേശം 250 വീടുകളാണ് അധികൃതർ തകർത്തത്. നേരത്തെ, സെപ്തംബർ ഒമ്പതു മുതൽ 12 വരെ നടന്ന കുടിയൊഴിപ്പിക്കലിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട് 12 ദിവസത്തിനു ശേഷമായിരുന്നു ഈ നടപടി.

വെടിവയ്പ്പില്‍ പ്രദേശവാസികളായ ഹൈദര്‍ അലി (22), സുബാഹിര്‍ അലി (19) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച നടപടി വീണ്ടും ആരംഭിക്കുകയായിരുന്നു. പ്രദേശം ദക്ഷിണ കാംരൂപിലെ ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണെന്ന് അവകാശപ്പെട്ടായിരുന്നു ബിജെപി സർക്കാർ നടപടി. വിജ്ഞാപനപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ പട്ടികവിഭാഗക്കാര്‍, ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ക്ക് മാത്രമേ താമസിക്കാനാകൂ.

രണ്ടു പേരെ വെടിവച്ചുകൊല്ലുന്നതില്‍ കലാശിച്ച സെപ്തംബർ 12ലെ ബുള്‍ഡോസര്‍ രാജിനിടെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലാ ഭരണകൂടം 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയും 'ഭൂമി ജിഹാദ്' ആരോപണം ഉന്നയിച്ചുമായിരുന്നു ബിജെപി സര്‍ക്കാരിന്റെ നടപടി.

എന്നാല്‍, ഭരണകൂടത്തിന്റെ ആരോപണം പ്രദേശത്തുകാര്‍ നിഷേധിച്ചിരുന്നു. പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യുംമുമ്പ് 1920കളില്‍ തന്നെ പലര്‍ക്കും പട്ടയം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവിധ കേസുകള്‍ മുന്നോട്ടുപോവുന്നതിനിടെയാണ് സര്‍ക്കാര്‍ നൂറുകണക്കിനാളുകളെ വഴിയാധാരമാക്കിയത്. 2016 മുതല്‍ പ്രദേശത്തുനിന്ന് 10,620 കുടുംബങ്ങളെയാണ് വിവിധ ഘട്ടങ്ങളിലായി ഒഴിപ്പിച്ചത്.

അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന്‍ റിസാവുല്‍ കരീം പറഞ്ഞിരുന്നു. റിസര്‍വ് വനമോ ആദിവാസി മേഖലയോ ആവട്ടെ, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ ഓടുന്നത്. ഇവിടെ താമസിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല.മറ്റ് സമുദായക്കരും ഉണ്ട്. എന്നാല്‍ അവരുടെ വീടുകള്‍ ഒഴിവാക്കി മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ മാത്രമാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും ഇതു തികച്ചും വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News