എത്തിയത് ഒരു ചാക്ക് നാണയങ്ങളുമായി; മടങ്ങിയത് സ്വപ്‌നവാഹനവുമായി

മണിക്കൂറുകളോളമെടുത്താണ് 2,5, 10 രൂപയുടെ നാണയത്തുട്ടുകൾ ഷോറൂം ജീവനക്കാർ എണ്ണിത്തീർത്തത്

Update: 2022-02-20 04:22 GMT
Editor : Lissy P | By : Web Desk
Advertising

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ പണം സ്വരൂപിക്കുന്നത്  അത്ര പുതുമയുള്ള കാര്യമല്ല.   ആവശ്യത്തിന് പണമായാൽ  സ്വപ്‌ന വാഹനം വാങ്ങുന്നതും അതിലേറെ സ്വാഭാവികം. ആസാമിലെ ബാർപേട്ട ജില്ലയിലെ യുവാവും ഇതു തന്നെയാണ് ചെയ്തത്.  പുത്തൻ സ്‌കൂട്ടർ വാങ്ങുക എന്നതായിരുന്നു ചെറിയൊരു കട നടത്തുന്ന അയാളുടെ ഏറെ കാലമായുള്ള സ്വപ്നം. അതിനായി അദ്ദേഹം പണം സ്വരൂപിക്കാൻ തുടങ്ങി. എന്നാൽ കഥയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്.

അദ്ദേഹം കൂട്ടിവെച്ചതെല്ലാം നാണയ തുട്ടുകളായിരുന്നു. ഏഴോ എട്ടോ മാസം കൊണ്ടാണ് അയാള്‍ സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചത്.  സ്‌കൂട്ടർ വാങ്ങാനുള്ള പണം തികഞ്ഞെന്ന് കണ്ടപ്പോൾ അദ്ദേഹം അതുമെടുത്ത് ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. ചാക്ക് ഷോറൂമിലേക്ക് എത്തിക്കാൻ ജീവനക്കാർ സഹായിച്ചു. മൂന്ന് പേർ ചേർന്നാണ് നാണയം കൊണ്ടുവന്ന ചാക്ക് ഷോറൂമിലേക്കെത്തിച്ചത്. 2,5,10 രൂപയുടെ നാണയമായിരുന്നു ചാക്കിൽ മുഴുവൻ ഉണ്ടായിരുന്നത്.

തുടർന്ന് ഈ നാണയം അഞ്ചാറ് കുട്ടയിലേക്ക് മാറ്റുകയും ചെയ്തു. ഏറെക്ഷമയോടെ മണിക്കൂറുകളെടുത്താണ് ജീവനക്കാർ ആ നാണയത്തുട്ടുകൾ മുഴുവൻ എണ്ണിത്തീർത്തത്. ശേഷം ഇവ വീണ്ടും തരം തിരിച്ച് കുട്ടകളിലേക്ക് തന്നെ മാറ്റി. തുടര്‍ന്ന്  വാഹനം വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും  യുവാവിന് ഷോറൂം ജീവനക്കാർ സ്‌കൂട്ടറിന്റെ താക്കോൽ കൈമാറുകയും ചെയ്തു.

Full View

ഹിരാക് ജെ ദാസ് എന്ന യൂട്യൂബർ തന്റെ ഫേസ്ബുക്കിൽ ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഒരു സ്വപ്‌നം സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമായി വരും. എന്നാൽ അധ്വാനിക്കാനുള്ള മനസും ക്ഷമയുമുണ്ടെങ്കിൽ ഏതൊരു ആഗ്രഹവും നിങ്ങൾക്ക് നേടിയെടുക്കാമെന്ന് ഈ യുവാവ് തെളിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബർ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വീഡിയോയും ചിത്രങ്ങളും നിമിഷ നേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. കഠിനാധ്വാനത്തിലൂടെ ഒരാൾക്ക് ഏത് സ്വപ്‌നവും സാക്ഷാത്കരിക്കാമെന്നും അതിനുള്ള മനസും അർപ്പണബോധവുമുണ്ടായാൽ മതിയെന്നുമടക്കമുള്ള നിരവധി കമന്‍റുകളാണ് യുവാവിനെ അഭിനന്ദിച്ച്  സോഷ്യല്‍ മീഡിയയില്‍  ആളുകള്‍ പങ്കുവെക്കുന്നത്. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News