30 വർഷം,15 ജഡ്ജിമാർ; യുപിയിൽ ആക്രമണക്കേസ് 2,000 രൂപ പിഴയിൽ അവസാനിച്ചു

സംഭവം നടക്കുമ്പോൾ 40 വയസ്സുണ്ടായിരുന്ന ഇരയ്ക്കിപ്പോൾ 70 വയസ്സിന് മുകളിലാണ് പ്രായം

Update: 2024-06-14 13:46 GMT
Advertising

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബന്ദയിലെ ഒരു കോടതിയാണ് കഴിഞ്ഞ 30 വർഷമായി തുടരുന്ന ആക്രമണക്കേസിൽ വിധി പറഞ്ഞത്. മൂന്ന് പ്രതികൾക്കും വെറും 2000 രൂപ വീതം പിഴ ചുമത്തിയ കോടതി വിധി പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. 1994ലാണ് ഈ സംഭവം നടക്കുന്നത്. 30 വർഷ സമയത്തിനുള്ളിൽ 15-ലധികം ജഡ്ജിമാരാണ് സ്ഥലം മാറിപ്പോയത്. ജൂൺ 13നാണ് കേസിൽ അന്തിമ വിധി വന്നത്.

ബന്ദയിലെ കമാസിൻ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കേസിൻ്റെ ആരംഭം. രാംരൂപ് ശർമ എന്ന വ്യക്തിയെ അതേ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേർ ചേർന്ന് ആക്രമിച്ചു. പ്രതികൾ രാംരൂപിനെ ബന്ദിയാക്കി മർദിക്കുകയും വയറിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പരിക്കേൽക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

രാംരൂപ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ച് കുറ്റപത്രം സമർപ്പിച്ചെങ്കിലും സാക്ഷികൾ ഹാജരാകാത്തതിനാൽ കേസ് അനിശ്ചിതത്വത്തിലായിരുന്നു. ഒടുവിൽ സാക്ഷികൾ മൊഴി നൽകിയതോടെ കേസ് വിചാരണയിലേക്ക് നീങ്ങി.

ഇരുവശത്തുനിന്നും വാദം കേട്ട കോടതി രണ്ട് പ്രതികൾക്ക് 2,000 രൂപ വീതം പിഴ ചുമത്തി. മൂന്നാം പ്രതി കേസ് നടക്കുന്നതിനിടെ മരിച്ചു.

സംഭവം നടക്കുമ്പോൾ 40 വയസ്സുണ്ടായിരുന്ന ഇരയ്ക്ക് ഇപ്പോൾ 70 വയസ്സിനു മുകളിൽ പ്രായമുണ്ട്. അന്ന് ചെറുപ്പമായിരുന്ന പ്രതികൾക്ക് ഇപ്പോൾ 50 വയസ്സിനടുത്താണ് പ്രായം. പ്രതികൾ ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും കുറ്റവാളികളാണെന്നും ഈ ചെറിയ ശിക്ഷ അവരെ ബാധിക്കില്ലെന്നും ഇര അവകാശപ്പെട്ടു.

പ്രതികൾ ഇരയെ ബന്ദിയാക്കുകയും ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രാംരൂപിനായി വാദിച്ച അഭിഭാഷകൻ ചന്ദ്രപ്രകാശ് ഗൗതം കോടതിയിൽ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News