'കോമയിലാണെന്ന് കരുതി'; മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചത് 18 മാസം

ആദായ നികുതി വകുപ്പ് ജീവനക്കാരന്‍റെ മൃതദേഹമാണ് സംസ്കരിക്കാതെ 18 മാസം വീട്ടില്‍ സൂക്ഷിച്ചത്

Update: 2022-09-24 05:41 GMT
Advertising

മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ച് കുടുംബം. കോമയിലാണെന്ന് കരുതിയെന്നാണ് ഭാര്യ പറയുന്നത്. കാണ്‍പൂരിലാണ് സംഭവം.

ആദായ നികുതി വകുപ്പ് ജീവനക്കാരനായിരുന്ന വിമലേഷ് ദീക്ഷിതിന്‍റെ മൃതദേഹമാണ് സംസ്കരിക്കാതെ 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്‍റെ ഭാര്യ എന്നും രാവിലെ മൃതദേഹത്തില്‍ ഗംഗാജലം തളിക്കുമായിരുന്നു. കോമയില്‍ നിന്ന് തന്‍റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഭാര്യയുടെ വിശദീകരണം. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.

ഹൃദ്രോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിൽ 22നാണ് വിമലേഷ് ദീക്ഷിത് മരിച്ചതെന്ന് ഒരു സ്വകാര്യ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാൺപൂർ പൊലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം കോമയിലാണെന്ന് കരുതിയ കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്താൻ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അലോക് രഞ്ജൻ പറഞ്ഞു.

ദീക്ഷിതിന്‍റെ പെൻഷൻ ഫയല്‍ നീങ്ങാത്തതിനാൽ കാൺപൂരിലെ ആദായ നികുതി ഉദ്യോഗസ്ഥരാണ് വിഷയം അന്വേഷിക്കണമെന്ന് അഭ്യർഥിച്ചതെന്ന് അലോക് രഞ്ജൻ വിശദീകരിച്ചു. പൊലീസുകാരും മജിസ്‌ട്രേറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച റാവത്പൂർ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചു.

ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി മൃതദേഹം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബം അനുവാദം നല്‍കി. വൈദ്യപരിശോധനയിൽ മരണം സ്ഥിരീകരിച്ചു. വിഷയം വിശദമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സിഎംഒ അറിയിച്ചു.

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദീക്ഷിത് കോമയിലാണെന്നാണ് അയല്‍വാസികളോടും കുടുംബം പറഞ്ഞിരുന്നത്. ഓക്സിജൻ സിലിണ്ടറുകൾ ദീക്ഷിതിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News