പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
കേക്ക് കഴിച്ച മറ്റ് കുട്ടികൾക്കും ശാരീരികാസ്വാസ്ഥ്യം
പഞ്ചാബ്: പിറന്നാളിന് ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. കേക്ക് കഴിച്ച കുടുംബത്തിലെ മുഴുവനാളുകളെയും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് പിറന്നാളിനായുള്ള കേക്ക് ഓൺലൈൻ വഴി വാങ്ങിയത്.
സംഭവത്തിന് പിന്നാലെ പിറന്നാളാഘോഷത്തിൽ കുട്ടി കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും വിഡിയൊ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മാർച്ച് 24ന് വൈകീട്ട് എഴോടെയായിരുന്നു കുടുംബം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചത്. പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. കേക്ക് കഴിച്ച കുട്ടികൾ ദാഹം പ്രകടിപ്പിക്കുകയും വൻതോതിൽ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടികൾ ഛർദിക്കാൻ തുടങ്ങുകയായിരുന്നു.
അടുത്ത ദിവസം ആരോഗ്യം വഷളായതോടെയാണ് കുട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേക്കിൽ വിഷം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ ബേക്കറി ഉടമക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകി. കേക്കിന്റെ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.