അതീഖ് അഹമ്മദിന്റെ കൊലയാളികൾ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ആരാധകരെന്ന് പൊലീസ്

ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങൾ മുമ്പ് പലതവണ കണ്ടിരുന്നതായും കൊലയാളികൾ പറഞ്ഞതായി പൊലീസ് പറയുന്നു.

Update: 2023-04-18 08:18 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരനേയും വെടിവച്ച് കൊന്ന പ്രതികൾ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ആരാധകരെന്ന് പൊലീസ്. ലോറൻസ് ബിഷ്‌ണോയിയെ തങ്ങൾ ആരാധിച്ചിരുന്നുവെന്നും അദ്ദേഹത്തെ അനുകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം മെയിൽ പഞ്ചാബി ​ഗായകൻ സിദ്ധു മൂസെവാലെയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ ആരാധകരായതെന്ന് പ്രതികളായ സണ്ണി സിങ്, അരുൺ മൗര്യ, ലവ്‌ലേഷ് തിവാരി എന്നിവർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങൾ മുമ്പ് പലതവണ കണ്ടിരുന്നതായും കൊലയാളികൾ പറഞ്ഞു. വെടിവച്ചവരിൽ ഏറ്റവും അപകടകാരി സണ്ണി സിങ് ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു.

സണ്ണി സിങ്ങിനെതിരെ പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ കൂടെക്കൂട്ടി കൊലപാതകത്തിന് പ്രേരിപ്പിച്ചത് ഇയാളാണെന്നും പൊലീസ് പറയുന്നു. അതേസമയം, ജനപ്രിയരും വലിയ ഗുണ്ടകളുമാകാനും കുറ്റകൃത്യങ്ങളുടെ ലോകത്ത് നേട്ടമുണ്ടാക്കാനുമാണ് തങ്ങൾ അതീഖിനെയും സഹോദരനേയും കൊന്നതെന്നായിരുന്നു പ്രതികൾ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇതിനിടെ, പ്രതികളെ ​നൈനി ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റിയിരുന്നു. നൈനി ജയിലിൽ വെച്ച് പ്രതികൾക്കെതിരെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മാറ്റം. മൂവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ഭാനു ഭാസ്കറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ഉമേൽപാൽ കൊലക്കേസിൽ അറസ്റ്റ് ചെയ്ത ശേഷം ശനിയാഴ്ച രാത്രി വൈദ്യപരിശോധനയ്‌ക്കായി പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് അക്രമികൾ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് വീഴ്ത്തിയത്. കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും പൊലീസ് ചുമത്തിയിരിക്കുന്നത്.

വെടിവെപ്പ് നടന്ന സ്ഥലത്തു നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് ഇവർ അതീഖിനെയും സഹോദരനേയും കൊലപ്പെടുത്താൻ ആശുപത്രി പരിസരത്ത് എത്തിയത്. എന്‍സിആര്‍ ന്യൂസ്‌ എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് കസ്റ്റഡിയിൽ കിട്ടിയ വിവരം അറിഞ്ഞത് മുതൽ അതീഖിനെയും അഷ്‌റഫിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതികളിലൊരാൾ പൊലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതീഖിന് കുറഞ്ഞത് ഒന്‍പതു തവണ വെടിയേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു തവണ തലയിലും എട്ട് തവണ നെഞ്ചിലും പുറത്തുമായാണ് വെടിയേറ്റത്.

സഹോദരന്‍ അഷ്‌റഫിന്‍റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തു. 40 സെക്കൻഡിനിടെ 20 തവണയാണ് പ്രതികൾ വെടിയുതിർത്തത്. ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ ജയ്ശ്രീറാം വിളിച്ചാണ് പ്രതികൾ വെടിയുതിർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് മൂന്ന് കൊലയാളികളും. 





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News